തിക്കോടിയില്‍ അടിപ്പാതയ്ക്കുവേണ്ടിയുള്ള ജനകീയ സമരത്തെ അവഗണിക്കുന്ന അധികൃതരുടെ നിലപാടിനെതിരെ നാട്ടുകാര്‍; ടൗണില്‍ പ്രതിഷേധ സംഗമം


തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാതയ്ക്കു വേണ്ടി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടു വര്‍ഷത്തിലേറെയായി നടത്തിവരുന്ന ജനകീയ സമരത്തെ അവഗണിക്കുന്ന അധികൃതരുടെ നിലപാടില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ഇതിനെതിരെ തിക്കോടി ടൗണില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

റോഡിന്റെ ഇരു ഭാഗങ്ങളിലും വന്‍ മതിലുകള്‍ കെട്ടി ആറുവരി പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ റെയില്‍വേ സ്റ്റേഷന്‍, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍, ജില്ലാ മണ്ണ് പരിശോധന കേന്ദ്രം, കോടിക്കല്‍ ഫിഷ് ലാന്‍ഡിങ് സെന്റര്‍, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരപാത പൂര്‍ണമായും അടഞ്ഞു പോകുന്ന സ്ഥിതിയാണ് തിക്കോടിയിലെന്ന് ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

വടക്ക് പഞ്ചായത്ത് ബസാര്‍ കഴിഞ്ഞാല്‍ തെക്ക് ഭാഗത്തേക്ക് മൂന്നര കിലോമീറ്റര്‍ സഞ്ചരിച്ച് നന്തി ടൗണില്‍ എത്തിയാലാണ് ഇപ്പോള്‍ റോഡ് ക്രോസ് ചെയ്യാനുള്ള സംവിധാനം ഉള്ളത്. ഇതിനിടയിലുള്ള ജനനിബിഡമായ ഒരു വലിയ പ്രദേശമാണ് സഞ്ചാരപാത അടഞ്ഞ് പൂര്‍ണ്ണമായും ഒറ്റപ്പെടാന്‍ പോകുന്നത്. തിക്കോടി ടൗണില്‍ ഒരു മിനി അണ്ടര്‍ പാസ് സ്ഥാപിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും.

ഇക്കാര്യം ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അനുകൂലമായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധ സംഗമവുമായി ജനങ്ങള്‍ രംഗത്തുവന്നതെന്നും ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.

പ്രതിഷേധ സംഗമത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.കെ.അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.വിശ്വന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന പ്രശ്‌നത്തില്‍ അധികൃതര്‍ കാണിക്കുന്ന അവഗണന പ്രതിഷേധാര്‍ഹമാണെന്നും അടിപ്പാത അനുവദിച്ചു കിട്ടുന്നതുവരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി.ഷക്കീല, മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.വി.റംല, ഇബ്രാഹിം തിക്കോടി, ശ്രീധരന്‍ ചെമ്പുംചില, ഭാസ്‌കരന്‍ തിക്കോടി എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.വി.സുരേഷ് കുമാര്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ കെ.വി.മനോജ് നന്ദിയും പറഞ്ഞു.

Summary: Locals against the attitude of the authorities ignoring the people’s struggle for the underpass in Thikkodi