ഇ.പി.ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി; പേരാമ്പ്ര എം.എൽ.എ ടി.പി.രാമകൃഷ്ണൻ പുതിയ കൺവീനറായേക്കും


തിരുവനന്തപുരം: സി.പി.എം നേതാവ് ഇ.പി ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കി. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. എല്‍.ഡി.എഫ് കണ്‍വീനറായിരിക്കെ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേകറുമായി ഇ.പി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാര്‍ട്ടി നടപടി.

ഇന്ന് നടക്കുന്ന സംസ്ഥാന സമിതിയിൽ ഇ.പിയെ നീക്കിയ വിവരം സി.പി.എം റിപ്പോർട്ട് ചെയ്യും. അതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ പാർട്ടിയുടെ സ്ഥിരീകരണം പുറത്ത് വരിക.സംസ്ഥാന സമിതിക്ക് കാക്കാതെ ഇ.പി.ജയരാജൻ കണ്ണൂരിലേക്ക് കഴിഞ്ഞ ദിവസം തന്നെ മടങ്ങിയിരുന്നു. സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ‘എല്ലാം നടക്കട്ടെ’ എന്നു മാത്രമാണ് ഇ.പി പ്രതികരിച്ചത്.

കൂടിക്കാഴ്ച വിവാദമായതോടെ സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് ഇ.പി പാര്‍ട്ടിയെ നേരത്തെ അറിയിച്ചിരുന്നു. ഇപിക്ക് പകരക്കാരനായി മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ടി പി രാമകൃഷ്ണന്‍ എത്തിയേക്കുമെന്നാണ് സൂചന. ഇന്നുചേരുന്ന സംസ്ഥാന സമിതിയില്‍ രാമകൃഷ്ണന്റെ പേര് മുന്നോട്ടുവയ്ക്കും.

പ്രകാശ് ജാവദേകറുമായുള്ള ഇ.പി ജയരാജന്റെ കൂടിക്കാഴ്ച വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇ.പി രൂക്ഷമായ വിമര്‍ശിച്ചിരുന്നു. ‘ഇ പി ജയരാജന്റെ പ്രകൃതം എല്ലാവര്‍ക്കും അറിയാലോ എല്ലാവരുമായി കൂട്ടുകൂടും. നമ്മൂടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്. പാപിയുമായി ശിവന്‍ കൂട്ടുകൂടിയാല്‍ ശിവനും പാപിയായി മാറും. കൂട്ടുകെട്ടുകളില്‍ ജാഗ്രതപുലര്‍ത്തണം. ഉറക്കം തെളിഞ്ഞാല്‍ ആരെ പറ്റിക്കാം എന്ന് ആലോചിക്കുന്ന ചിലരുണ്ട്. അത്തരം ആളുകളുമായി ഉള്ള ലോഹ്യം, അല്ലെങ്കില്‍ കൂട്ടുകെട്ട്, സൗഹൃദം എന്നിവ സാധാരണഗതിയില്‍ ശ്രദ്ധിക്കേണ്ടതാണ്. സഖാവ് ഇപി ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താറില്ലെന്ന് നേരത്തെയുള്ള അനുഭവമാണ്. ഇത്തരം ആളുകളുമായുള്ള കൂട്ടുകെട്ടുകളില്‍ ഇപി ജയരാജന്‍ ശ്രദ്ധിക്കണമെന്നായിരുന്നു വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.