പന്തലായനി ചൂരല്‍ക്കാവിലെയും കണയങ്കോട്ടെയും മോഷണം; കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളെ തെളിവെടുപ്പിനെത്തിച്ച് പൊലീസ്


കൊയിലാണ്ടി: കൊയിലാണ്ടി പന്തലായനി ചൂരല്‍ക്കാവ് ക്ഷേത്രത്തിലും കണയങ്കോട് കെമാര്‍ട്ടിലും നടന്ന മോഷണ സംഭവങ്ങളില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോഴിക്കോട് കോണാട്ട് ഇരിങ്ങാട്ട് മീത്തല്‍ കാരാട്ട് താഴം ഇ.എം.അഭിനവ് (24), ചേളന്നൂര്‍ കുമാരസ്വാമി അതിയാനത്തില്‍ അന്വയ് രാജ് (21) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

കുറച്ചുദിവസം മുമ്പ് ചേവായൂരില്‍ വെച്ച് കൊയിലാണ്ടി പൊലീസും ചേവായൂര്‍ പൊലീസുമാണ് പ്രതികളെ പിടികൂടിയത്. ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ മറ്റൊരു കേസ് നിലവിലുണ്ടായിരുന്നു. ഈ കേസില്‍ റിമാന്‍ഡിലായിരുന്നു ഇവര്‍. രണ്ടുദിവസത്തേക്കാണ് കൊയിലാണ്ടി പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്.

പൊലീസ് പ്രതികളുമായി മോഷണം നടന്ന സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി. ആഗസ്റ്റ് മൂന്നിനാണ് പന്തലായനി ചൂരല്‍ക്കാവ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. അന്ന് പുലര്‍ച്ചെ നാലുമണിക്ക് കണയങ്കോട് കെ.മാര്‍ട്ടിലും മോഷണം നടത്തിയിരുന്നു.

കൊയിലാണ്ടി സി.ഐ.ശ്രീലാല്‍ ചന്ദ്രശേഖര്‍, എസ്.ഐ.ദിലീഫ്, എ.എസ്.ഐ.ജലീഷ് കുമാര്‍, സി.പി.ഒ.മനീഷ്, ഡ്രൈവര്‍ ഗംഗേഷ് തുടങ്ങിയ സംഘമാണ് കേസ്സന്വേഷിച്ചത്.

Summary: Theft in Pantalayani Churalkavul and Kanayangod; The accused who were released from custody were brought to the police for evidence collection