”ജയസൂര്യ പുറകില്‍ നിന്ന് കയറിപ്പിടിച്ചു, ഫ്‌ളാറ്റില്‍ വരുമോയെന്ന് ചോദിച്ചു” മുകേഷും മണിയന്‍ പിള്ള രാജുവുമുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍, അന്വേഷണ സംഘത്തിന് പരാതി നല്‍കുമെന്നും നടി


കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ സിനിമാ രംഗത്തുനിന്നും നേരിടേണ്ടിവന്ന മോശം അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്. നടി മിന മുനീറാണ് ഏറ്റവുമൊടുവിലാണ് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു എന്നിവര്‍ മോശമായി പെരുമാറിയതായും നടി ആരോപിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്മാരില്‍നിന്നും നേരിട്ട മോശമായ പെരുമാറ്റത്തെക്കുറിച്ചാണു മിനു മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സിനിമയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് എല്ലാം തുറന്നു പറയുന്നതെന്നും നടി പറഞ്ഞു.

ആദ്യത്തെ ദുരനുഭവം 2008ല്‍ നടന്‍ ജയസൂര്യയുടെ ഭാഗത്തുനിന്നാണ് ഉണ്ടായതെന്ന് മിനു പറഞ്ഞു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന ബാലചന്ദ്ര മേനോന്റെ സിനിമ ചിത്രീകരണത്തിനിടെയാണ് സംഭവം. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്റ്റ് റൂമില്‍ പോയിട്ടുവന്നപ്പോള്‍ ജയസൂര്യ പുറകില്‍നിന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്തുള്ള ഫ്‌ളാറ്റില്‍ വരാന്‍ ആവശ്യപ്പെട്ടെന്നും മിനു പറഞ്ഞു. ആരോടെങ്കിലും ഇക്കാര്യം പറയാന്‍ പേടിയായിരുന്നെന്നും നടി പറഞ്ഞു.

2013 ആയപ്പോളേക്കും താന്‍ 6 സിനിമകളില്‍ അഭിനയിച്ചു. മൂന്ന് സിനിമയില്‍ അഭിനയിച്ചാല്‍ അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കും. ഇടവേള ബാബുവിനെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോം പൂരിപ്പിക്കാന്‍ ഫ്‌ലാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഫോം പൂരിപ്പിച്ചുകൊണ്ടു നിന്നപ്പോള്‍ ഇടവേള ബാബു കഴുത്തില്‍ ചുംബിച്ചു. പെട്ടെന്ന് ഫ്‌ലാറ്റില്‍നിന്നിറങ്ങി. അമ്മയില്‍ അംഗത്വം കിട്ടിയില്ലെന്നും മിനു പറഞ്ഞു.

കലണ്ടര്‍ എന്ന സിനിമയിലാണ് മുകേഷിനെ പരിചയപ്പെടുന്നത്. വൈറ്റിലയില്‍ ഫ്‌ലാറ്റുണ്ട്. വരണമെന്നാണ് മുകേഷ് പറഞ്ഞത്. നാടകമേ ഉലകം എന്ന വിജി തമ്പിയുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്റെ അടുത്ത മുറിയിലായിരുന്നു മുകേഷ് താമസിച്ചിരുന്നത്. മുറിയില്‍ വന്ന് വാതിലില്‍ മുട്ടി. പിന്നീട് അകത്തേക്ക് കയറി. ഗൗനിക്കേണ്ടവരെയൊക്കെ ഗൗനിച്ചാലെ പരിഗണനയുണ്ടാകുകയുള്ളുവെന്നും പറഞ്ഞ് എന്നെ കിടക്കയിലേക്ക് ബലമായി കിടത്തി. പിന്നീട് താന്‍ അവിടെ നിന്ന് പോവുകയായിരുന്നു.

ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് ഇനി മലയാളത്തില്‍ അഭിനയിക്കാന്‍ ഇല്ലെന്നും അന്ന് പറഞ്ഞിരുന്നു. മണിയന്‍പിള്ള രാജു രാത്രി വാതിലില്‍ മുട്ടി. കലണ്ടര്‍ സിനിമയില്‍ രാജു ചേട്ടന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. എന്റെ വണ്ടിയിലാണ് ഒരു ദിവസം മണിയന്‍പിള്ള രാജുവിനെ പ്രൊഡക്ഷന്‍ ടീം കയറ്റിയത്. വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. തന്റെ റൂമില്‍ രാത്രി വരുമെന്ന് പറഞ്ഞു. അങ്ങനെയാണ് രാത്രി വാതിലില്‍ വന്ന് മുട്ടിയതെന്നും മിനു മുനീര്‍ പറഞ്ഞു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരും മോശമായി പെരുമാറി. പിന്നീട് അമ്മയില്‍നിന്ന് ഒരാള്‍ വിളിച്ച് ഇപ്പോള്‍ അംഗത്വം തരാന്‍ കഴിയില്ലെന്ന് അറിയിച്ചു. ഇതിനുശേഷം എല്ലാം മടുത്താണു ചെന്നൈയിലേക്കു പോയതെന്നും നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി.