വിവരാവകാശ അപേക്ഷയിന്മേൽ 30 ദിവസത്തിനുള്ളിൽ മറുപടി നൽകണം, കൃത്യമായ മറുപടി നൽകാത്ത ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി


കോഴിക്കോട്: 30 ദിവസത്തിനുള്ളിൽ വിവരാവകാശ അപേക്ഷയിന്മേൽ മറുപടി നൽകാത്ത വിവരാവകാശ ഓഫീസർമാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷനംഗം ടി.കെ രാമകൃഷ്ണൻ. ഒരു ഓഫീസിൽ ലഭിക്കുന്ന വിവരാവകാശ അപേക്ഷയിൽ ചോദിച്ച വിവരങ്ങൾ മറ്റൊരു ഓഫീസിൽ നിന്നാണ് ലഭ്യമാക്കേണ്ടതെങ്കിൽ പോലും അത് ആ ഓഫീസിലേക്ക് കൈമാറേണ്ട ചുമതല വിവരാവകാശ ഓഫീസർക്കുണ്ട്.

വിവരങ്ങൾ ഈ ഓഫീസിൽ ലഭ്യമല്ല, അറിയില്ല എന്ന രീതിയിൽ മറുപടി നൽകുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ടി കെ രാമകൃഷ്ണൻ വ്യക്തമാക്കി.കോഴിക്കോട് തിങ്കളാഴ്ച നടത്തിയ വിവരാവകാശ കമ്മീഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ അപേക്ഷയിൽ രണ്ടാം അപ്പീൽ കൂടിവരുന്ന പ്രവണതക്കെതിരെയും കമ്മീഷൻ പ്രതികരിച്ചു.

കമ്മീഷൻ മുമ്പാകെ രണ്ടാം അപ്പീലുകൾ ഒരുപാട് വരുന്നു. ഇത് താഴെതട്ടിൽ തന്നെ വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തുന്നതിനാലാണ്. രണ്ടാം അപ്പീലുകളുടെ എണ്ണം കുറയ്ക്കുന്നതിൽ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്ക് (എസ്പിഐഒ) നിർണായക പങ്കുണ്ടെന്നും കമ്മീഷൻ പറഞ്ഞു. തിങ്കളാഴ്ച കോഴിക്കോട് നടന്ന അദാലത്തിൽ 11 അപേക്ഷകളാണ് പരിഗണിച്ചത്. ഇത്‌ മുഴുവനും തീർപ്പാക്കി.

Description: RTI requests must be answered within 30 days and action will be taken against the officials who do not respond properly