ഭരണഘടനാ സാക്ഷരതാ പദ്ധതി ക്യാമ്പയിന്‍ സംഘടിപ്പിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്തും കാപ്പാട് ഡിവിഷന്‍ വികസന സമിതിയും


ചേമഞ്ചേരി: ഭരണഘടനാ സാക്ഷരതാ പദ്ധതി ക്യാമ്പയിന്‍ സംഘടിപ്പിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്തും കാപ്പാട് ഡിവിഷന്‍ വികസന സമിതിയും. ജനങ്ങളെ ഭരണ ഘടനയെ കുറിച്ച് പഠിപ്പിക്കാനും മൗലിക അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനുമാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

സിന്‍കോ റൂറല്‍ ഫൌണ്ടേഷനും മറ്റു സര്‍ക്കാര്‍ എജന്‍സികളുമായി സഹകരിച്ച് ഡിവിഷനിലെ 10 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഭരണഘടനസാക്ഷരത ക്ലാസ്സ് നടത്തും. ഇതിലൂടെ സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ഭരണഘടനാ സാക്ഷരതബ്ലോക്ക് ഡിവിഷന്‍ ആക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

ഇതിനായി 50 പേരെ പരിശീലനത്തിനായി തെരെഞ്ഞെടുക്കും. പൊതുജനങ്ങളെ ഗ്രൂപ്പുകളായി തിരിച്ചു ഒരു വാര്‍ഡില്‍ 30 ക്ലാസുകള്‍ സംഘടിപ്പിക്കും. നാലു മാസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കും. റിപ്പബ്ലിക് ദിനത്തില്‍ സമ്പൂര്‍ണ ഭരണഘടന സാക്ഷരത ഗ്രാമമായി പ്രഖ്യാപിക്കുകയും എല്ലാ വീടുകളിലും ഭരണഘടനയുടെ ആമുഖം ലാമിനേറ്റു ചെയ്തു പതിക്കും.

പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് പി. ബാബുരാജ് നിര്‍വഹിച്ചു. ഡിവിഷന്‍ ബ്ലോക്ക് മെമ്പര്‍ എം.പി മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. കോഡിനേറ്റര്‍ യു.വി ബാബുരാജ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍
എം.പി ശിവാനന്ദന്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ അതുല്യ ബൈജു
ഭരണഘടനയുടെ ആമുഖം വായിച്ചു.

ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി ഷരീഫ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ജോര്‍ജ്, വാര്‍ഡ് കണ്‍വീനര്‍ എ.ടി ബിജു, ടി.വി ചന്ദ്രഹാസന്‍, പി.കെ ഇമ്പിച്ചി അഹമ്മദ് പി.പി. അനീഷ് സംസാരിച്ചു. വാര്‍ഡ് സി.ഡി.എസ് അംഗം വി. തസ്ലീന നന്ദി പറഞ്ഞു.