കാഫിര്‍ വിവാദം: ഇത്രയെങ്കിലും പുറത്തുവന്നത് കോടതി ചെവിക്ക് പിടിച്ചതുകൊണ്ട്, വിവാദത്തിന് പിന്നില്‍ അടിമുടി സി.പി.എമ്മുകാര്‍, പ്രവര്‍ത്തകര്‍ തന്നെ ഇതിനെ എതിര്‍ക്കണമെന്നും ഷാഫി പറമ്പില്‍


വടകര: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നതെന്നു ഷാഫി പറമ്പില്‍ എംപി. വടകരയിലെ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലെന്ന പൊലീസ് കണ്ടെത്തല്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഷാഫിയുടെ പ്രതികരണം.

വിവാദത്തിന് പിന്നില്‍ അടിമുടി സി.പി.എമ്മുകാരാണെന്നും പക്ഷേ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ലെന്നും ഷാഫി പറഞ്ഞു. സി.പി.എം പ്രവര്‍ത്തകര്‍ തന്നെ ഇതിനെതിരെ എതിര്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

”നിയമനടപടി തുടരും. വര്‍ഗീയത ഉപയോഗിച്ചു ജയിക്കുന്നതിലും നല്ലതു തോല്‍ക്കുന്നതാണ്. ഇന്നലെയും ഇന്നും നാളെയും ഇത്തരം കാര്യം ചെയ്യില്ല. സി.പി.എം പ്രവര്‍ത്തകര്‍ തന്നെ ഇതിനെ എതിര്‍ക്കണം. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നതു നല്ലതാണ്. ആരുടെയെങ്കിലും ഒറ്റബുദ്ധിയില്‍ തോന്നിയതാണെന്ന് എനിക്കു തോന്നുന്നില്ല. പാര്‍ട്ടിക്കു പങ്കുള്ളതിനാല്‍ അന്വേഷണം വൈകുകയാണ്” ഷാഫി പറമ്പില്‍ ആരോപിച്ചു.

വടകര ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പുകാലത്ത് പ്രചരിച്ച ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം റെഡ് ബറ്റാലിയന്‍, റെഡ് എന്‍കൗണ്ടേഴ്‌സ് എന്നീ വാട്സ്ആപ് ഗ്രൂപ്പുകളെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കേസില്‍ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ എം.എസ്.എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിം നല്‍കിയ ഹരജിയിലാണ് വടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ കേസ് ഡയറി ഹൈകോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍, ഫേസ്ബുക്, വാട്‌സ്ആപ് സന്ദേശങ്ങള്‍ക്ക് തുടക്കമിട്ടത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

അമ്പലമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക് അക്കൗണ്ടുമായി ബന്ധപ്പെട്ട രണ്ട് ഫോണ്‍ നമ്പറുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മനീഷ്, സജീവ് എന്നിവരുടെ പേരിലുള്ളതാണ് ഈ നമ്പറുകള്‍. അമ്പലമുക്ക് സഖാക്കള്‍ എന്ന പേജിന്റെ അഡ്മിനായ മനീഷിന്റെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. റെഡ് ബറ്റാലിയന്‍ എന്ന വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നാണ് മനീഷിന് വിവാദ പോസ്റ്റ് കിട്ടിയതെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.