കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു; വില കുത്തനെ കൂടി; മത്സ്യബന്ധന മേഖലയെ സാരമായി ബാധിക്കും


കോഴിക്കോട്: മണ്ണെണ്ണ വില കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. 22 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ഇനി മുതല്‍ മണ്ണെണ്ണ ലിറ്ററിന് 81 രൂപയാണ് നല്‍കേണ്ടി വരിക. നേരത്തെ 59 രൂപയായിരുന്നു വില. മൊത്ത വ്യാപാരവില 77 രൂപയായും ഉയര്‍ന്നിട്ടുണ്ട്.

ഇതിന് പുറമെ കേരളത്തിനുള്ള മണ്ണെണ്ണ വിഹിതവും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. 40 ശതമാനമായാണ് കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം കുറച്ചത്.

റേഷന്‍ വിതരണത്തിനായി എണ്ണ കമ്പനികള്‍ കെറോസിന്‍ ഡീലേഴ്‌സിന് നല്‍കിയ വിലയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മറ്റ് നികുതികള്‍ ഉള്‍പ്പെടാതെ 70 രൂപയാണ് ലിറ്ററിന് ഈടാക്കുക. എന്നാല്‍ വിതരണത്തിന് എത്തുമ്പോള്‍ ഇത് 81 രൂപയാകും. മണ്ണെണ്ണ വിലയുടെ വര്‍ദ്ധനവ് മത്സ്യബന്ധന മേഖലയെ സാരമായി ബാധിക്കും.

ഒരു വര്‍ഷം മുമ്പ് വരെ 28 രൂപ മാത്രമാണ് ലിറ്ററിന് ഈടാക്കിയിരുന്നത്. മണ്ണെണ്ണ വില കുത്തനെ കൂട്ടിയ പശ്ചാത്തലത്തില്‍ റേഷന്‍ വിതരണത്തെ സംസ്ഥാന സര്‍ക്കാര്‍ ഏത് രീതിയില്‍ കൈകാര്യം ചെയ്യുമെന്നുള്ളത് കണ്ടറിയേണ്ടതാണ്.

2025 ഓടെ മണ്ണെണ്ണ വിതരണം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്ന തരത്തിലാണ് കേന്ദ്രം കാര്യങ്ങള്‍ നീക്കുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വില വര്‍ദ്ധിപ്പിക്കുമ്പോള്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.