ഉള്ളൂര്‍ക്കടവില്‍ പേരാമ്പ്ര സ്വദേശിയുടെ മൃതദേഹം കണ്ടത് പാലത്തിനുള്ളില്‍ കുടുങ്ങിയ നിലയില്‍; പുറത്തെടുത്തത് ഏറെപ്പണിപ്പെട്ട്, മൃതദേഹം ആദ്യം കണ്ടത് മത്സ്യത്തൊഴിലാളി
പേരാമ്പ്ര: ഉള്ളൂര്‍ക്കടവ് പാലത്തിനുശേഷം പേരാമ്പ്ര സ്വദേശി റാഷിദിന്റെ മൃതദേഹം കണ്ടത് പാലത്തിന്റെ പണി നടന്നുകൊണ്ടിരിക്കുന്ന കമ്പികളുടെ ഇടയില്‍ കുടുങ്ങിയ നിലയില്‍. പെട്ടെന്ന് കാണുന്നതരത്തിലായിരുന്നില്ല മൃതദേഹമെന്നും ഏറെ പണിപ്പെട്ടാണ് പുറത്തേക്ക് എടുത്തതെന്നും തിരച്ചിലില്‍ പങ്കാളിയായിരുന്ന കോസ്റ്റല്‍ പൊലീസ് വാര്‍ഡന്‍ പി.കെ.ഷഫീഖ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
എളാട്ടേരി സ്വദേശിയായ മത്സ്യത്തൊഴിലാളിയാണ് മൃതദേഹം ആദ്യം കണ്ടത്. അദ്ദേഹം വിവരം അറിയിച്ചത് പ്രകാരമാണ് അവിടെയെത്തിയത്. നാട്ടുകാരനായ രാകേഷും ഒരു ഫയര്‍ഫോഴ്സ് ജീവനക്കാരനും സഹായത്തിനുണ്ടായിരുന്നു. മൃതദേഹത്തിന് പരിക്കൊന്നുമുണ്ടാവരുതെന്നതിനാല്‍ ഏറെ പ്രയാസപ്പെട്ട് അടിഭാഗത്തുകൂടിയാണ് പുറത്തെടുത്തത്. തുടര്‍ന്ന് ഞങ്ങള്‍ വന്ന വള്ളത്തില്‍ കയറ്റി കരയിലെത്തിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കണയങ്കോട് പാലത്തില്‍ നിന്നും പുഴവഴി ഏതാണ്ട് രണ്ടുകിലോമീറ്റര്‍ ഇപ്പുറമാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ മൃതദേഹം എത്താനുള്ള സാധ്യതയുണ്ടെന്ന് മനസിലായിരുന്നു. ഇന്നലെ ഇവിടെ എത്തിയപ്പോള്‍ ഫയര്‍ഫോഴ്സ് ജീവനക്കാരോട് ഇക്കാര്യം പറയുകയും അവര്‍ പാലത്തിന്റെ പണി നടക്കുന്ന ഭാഗങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഉള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നതിനാലാവാം മൃതദേഹം കാണാതിരുന്നതെന്നും ഷഫീക്ക് പറഞ്ഞു.
അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ടീമില്‍ സ്റ്റേഷന്‍ ഓഫീസര്‍ മുരളീധരന്‍ സി.കെ യുടെ നേതൃത്വത്തില്‍ ഗ്രേഡ് എ.എസ്.ടി.ഓ മാരായ ജനാര്‍ദ്ദനന്‍, ബാബു പി.കെ, എസ്.എഫ്.ആര്‍.ഒ അനൂപ് ബി.കെ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജാഹിര്‍, ഹേമന്ദ്, ബിനീഷ്,ഇര്‍ഷാദ്, ലിനീഷ് എം. അനൂപ്, എന്‍ പി സനല്‍ രാജ് കെ എം, രജീഷ് വി.പി, ഷാജു കെ, ഇന്ദ്രജിത്ത്, സുജിത്ത്, ഹോംഗാര്‍ഡുമാരായ രാജീവ് വിടി, ഓം പ്രകാശ്, ബാലന്‍, സുജിത് എന്നിവരാണ് രണ്ടു ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ എര്‍പ്പെട്ടത്.