വെള്ളമിറങ്ങി, വീടുകളിലേയ്ക്ക് മടങ്ങി കുടുംബങ്ങള്‍; ജില്ലയില്‍ 18 ക്യാംപുകള്‍ കൂടി ഒഴിവാക്കി, കൊയിലാണ്ടിയില്‍ മൂന്ന് ക്യാംപുകളിലായി 195 പേര്‍


Advertisement

കോഴിക്കോട്: ജില്ലയില്‍ മഴ കുറഞ്ഞ് വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് 17 ദുരിതാശ്വാസ ക്യാംപുകള്‍ കൂടി ഒഴിവാക്കി. ക്യാംപുകളിലുള്ളവര്‍ സ്വന്തം വീടുകളിലേക്കോ ബന്ധുവീടുകളിലേക്കോ മടങ്ങി. നിലവില്‍ 26 ക്യാംപുകളിലായി 1642 പേരാണ് ജില്ലയിലുള്ളത്. കോഴിക്കോട് താലൂക്കിലാണ് കൂടുതല്‍ ക്യാംപുകള്‍ ഒഴിവാക്കിയത്. ഇവിടത്തെ ക്യാംപുകളുടെ എണ്ണം 13ല്‍ നിന്ന് നാലായി കുറഞ്ഞു. നിലവില്‍ 9 കുടുംബങ്ങളില്‍ നിന്നായി 28 പേര്‍ മാത്രമാണ് കോഴിക്കോട് താലൂക്കില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്.

Advertisement

10 ക്യാംപുകളുണ്ടായിരുന്ന കൊയിലാണ്ടിയില്‍ നിലവില്‍ മൂന്ന് ക്യാംപുകളിലായി 63 കുടുംബങ്ങളില്‍ നിന്നുള്ള 195 പേര്‍ കഴിയുന്നുണ്ട്. വടകര താലൂക്കില്‍ രണ്ട് ക്യാംപുകളാണ് ഇന്നലെ ഒഴിവാക്കിയത്. നിലവില്‍ 268 കുടുംബങ്ങളില്‍ നിന്നുള്ള 778 പേര്‍ എട്ട് ക്യാംപുകളിലുണ്ട്. ഇവരില്‍ 562 പേരും വിലങ്ങാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങളെ മാറ്റിത്താമസിപ്പിക്കുന്നതിനായി ആരംഭിച്ച മൂന്ന് ക്യാംപുകളിലുള്ളവരാണ്.

Advertisement

അതേസമയം, താമരശ്ശേരി താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാംപ് കൂടി ഇന്നലെ ആരംഭിച്ചു. കിഴക്കോത്ത് വില്ലേജിലെ പാലോറമലയില്‍ മണ്ണിടിച്ചില്‍ സാധ്യത പരിഗണിച്ച് അടിവാരത്തില്‍ താമസിക്കുന്ന 13 കുടുംബങ്ങളില്‍ നിന്നുള്ള 25 പേരെ സമീപത്തെ പന്നൂര്‍ ഗവ. ഹൈസ്‌കൂളിലേക്ക് മാറ്റിയതോടെയാണിത്. നിലവില്‍ 11 ക്യാംപുകളിലായി 242 കുടുംബങ്ങളില്‍ നിന്നുള്ള 641 പേരാണ് കഴിയുന്നത്.

Advertisement