ചെലവഴിക്കുന്നത് 99 ലക്ഷം രൂപ; മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം വരുന്നു
മേലടി: മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്നനുവദിച്ച 99 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ദിവസേന ആയിരക്കണക്കിന് രോഗികളെത്തുന്ന ആശുപത്രിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങളാണ് തുടങ്ങുന്നത്. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല.
ചടങ്ങില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ കെ.ദാസന്‍ മുഖ്യാതിഥിയായി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.കെ.ബിനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ദുല്‍ഖി ഫില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ലീന പുതിയോട്ടില്‍, മഞ്ഞക്കുളം നാരായണന്‍, ബ്ലോക്ക്- തിക്കോടി ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മെഡിക്കല്‍ ഓഫീസര്‍ സുരേഷ് ബാബു.സി. സ്വാഗതവും മേലടി സി.എച്ച്.സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിനോയ് ജോണ്‍ നന്ദിയും പറഞ്ഞു.