‘ലഹരിയില്‍ നിന്നും രക്ഷ തേടാന്‍ ആത്മഹത്യ’; ഒരു വര്‍ഷത്തോളമായി താന്‍ ലഹരിയ്ക്ക് അടിമയെന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കുന്ദമംഗലം സ്വദേശിയായ എട്ടാം ക്ലാസുകാരിയുടെ മൊഴി


കുന്നമംഗലം: കുന്നമംഗലത്ത് എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ചു. ലഹരിയുടെ അമിത ഉപയോഗമാണ് തന്നെ ജീവനൊടുക്കാനുള്ള ശ്രമത്തിലേക്ക് എത്തിച്ചതെന്ന് കുട്ടിയുടെ മൊഴി. ഒരുവര്‍ഷമായി കുട്ടി ലഹരി ഉപയോഗിക്കുന്നെന്നും ഇതില്‍ നിന്നും മോചനം നേടുന്നതിനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും കുട്ടി പറഞ്ഞു.

തന്റെ സുഹൃത്തുക്കള്‍ക്ക് അടക്കം സ്‌കൂളിന് പുറത്തുനിന്നുളളവരെത്തി ലഹരി വസ്തുക്കള്‍ നല്‍കാറുണ്ടെന്നും പതിനാലുകാരി പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ കുന്ദമംഗലം പോലീസ് അന്വേഷണം തുടങ്ങി.

കുന്നമംഗലം സ്വദേശി ആയ എട്ടാംക്ലാസുകാരിയെ കഴിഞ്ഞ ദിവസമാണ് ഹെഡ്രെജന്‍ പെറോക്‌സൈഡ് ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയില്‍ നിന്നും പോലീസ് മൊഴിയെടുത്തപ്പോഴാണ് ലഹരി ഉപയോഗത്തെക്കുറിച്ച് ഉള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

ഒരുവര്‍ഷത്തില്‍ കൂടുതലായി എം.ഡി.എം.എ ഉപയോഗിക്കാറുണ്ടെന്നും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് തനിക്ക് ആദ്യം ഇത് നല്‍കിയതെന്നും വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു. സ്‌കൂളിലെ പലരും ലഹരി ഉപയോഗിക്കാറുണ്ടെന്നും പുറത്ത് നിന്നുള്ളവരാണ് സ്‌കൂള്‍ കവാടത്തില്‍ എത്തിച്ച് നല്‍കുന്നത് എന്നും പെണ്‍കുട്ടി നല്‍കിയ മൊഴിയിലുണ്ട്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോലീസ് ആക്ട് തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ മൊഴി വീണ്ടും പരിശോധിക്കുമെന്നും രക്തസാമ്പിള്‍ ഉള്‍പ്പെടെ രാസ പരിശോധനയ്ക്കായി ശേഖരിച്ചുവെന്നും പോലീസ് അറിയിച്ചു.


ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ: 1056, 0471-2552056