ആധുനിക സൗകര്യങ്ങളുമായി അടിമുടി മാറാനൊരുങ്ങി വില്ലേജ് ഓഫീസുകൾ; മേപ്പയ്യൂര്‍ ഉള്‍പ്പടെ സംസ്ഥാനത്തെ 48 വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് ആവുന്നു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആവാന്‍ ഒരുങ്ങുന്നു. ആധുനിക സൗകര്യങ്ങളോടൊപ്പം വില്ലേജ് ഓഫീസ് കെട്ടിടവും പദ്ധതിയിലൂടെ സ്മാര്‍ട്ടാവും. മേപ്പയ്യൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 48 വില്ലേജുകളാണ് രണ്ടാം ഘട്ടത്തില്‍ സ്മാര്‍ട്ടാവുന്നത്. 2018 മേയില്‍ 50 വില്ലേജ് ഓഫിസുകള്‍ ആധുനികവത്കരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ സ്മാര്‍ട്ട് വില്ലേജുകളുടെ എണ്ണം 98 ആയി ഉയര്‍ന്നു.
ആവശ്യമെങ്കില്‍ ഭൂമി ഏറ്റെടുക്കല്‍ അല്ലെങ്കില്‍ കെട്ടിട നിര്‍മാണം, ഗതാഗതം ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യവികസനം, ഐ.എസ്.ഒ ഗുണനിലവാരത്തിലെത്തിക്കല്‍ എന്നിവക്കായി 4.8 കോടി രൂപയാണ് നീക്കിവെച്ചത്. മൊത്തം 60 വില്ലേജ് ഓഫിസുകള്‍ ആധുനികവത്കരിക്കുന്നതിനാണ് തീരുമാനം. ബാക്കിയുള്ള 12 വില്ലേജുകള്‍ക്കും തുക അനുവദിച്ചിട്ടുണ്ട്. ഇവയുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ഭരണാനുമതി നല്‍കിക്കൊണ്ടുള്ള റവന്യു വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
കോഴിക്കോട് ജില്ലയില്‍ മേപ്പയ്യൂര്‍, നെല്ലിപ്പൊയില്‍, നാദാപുരം എന്നീ വില്ലേജുകളാണ് സ്മാര്‍ട്ട് ആവുന്നത്. ആദ്യഘട്ടത്തിലും ജില്ലയിലെ വിവിധ വില്ലേജുകള്‍ സ്മാര്‍ട്ട് വില്ലേജുകളായി മാറിയിരുന്നു.
കുറ്റിയേരി, കടന്നപ്പള്ളി, വലിയന്നൂര്‍, പെരിങ്ങളം, മുഴക്കുന്ന് (കണ്ണൂര്‍), മേലാറ്റൂര്‍, വലമ്പൂര്‍, വളവന്നൂര്‍, എടയൂര്‍, തൃപ്രങ്ങോട്( മലപ്പുറം), പൊരുന്നന്നൂര്‍, പൂതാടി (വയനാട്), തെക്കേ തൃക്കരിപ്പൂര്‍ (കാസര്‍കോട്), പെരിങ്ങമ്മല, പാങ്ങപ്പാറ (തിരുവനന്തപുരം), തൊടിയൂര്‍, ഏരൂര്‍, മേലില (കൊല്ലം), തൈക്കാട്ടുശ്ശേരി, ചേര്‍ത്തല നോര്‍ത്ത്, കോമളപുരം, ആലപ്പുഴ വെസ്റ്റ്, വെളിയനാട്, ചെറുതന, ചുനക്കര (ആലപ്പുഴ), മേലുകാവ് (കോട്ടയം), മൂന്നാര്‍, രാജകുമാരി, മണക്കാട്, കട്ടപ്പന, ചക്കുപള്ളം(ഇടുക്കി), തുറവൂര്‍, എടക്കാട്ടുവയല്‍ (എറണാകുളം), കോട്ടപ്പുറം ചിറ്റണ്ട, മനക്കൊടി വെയര്‍, തെക്കുംകര മണലിത്തറ, , എടവിലങ്ങ്, എടതിരിഞ്ഞി, മറ്റത്തൂര്‍ (തൃശൂര്‍), മുണ്ടൂര്‍-ഒന്ന്, ചിറ്റൂര്‍, പുതുക്കോട്, എലവഞ്ചേരി, കരിമ്പ-രണ്ട്, അമ്പലപ്പാറ-രണ്ട് (പാലക്കാട്). എന്നിവയാണ് സംസ്ഥാനത്തെ മറ്റു വില്ലേജുകള്‍.
summary: 48 more village offices in the state including meppayur are smart