പന്തലായനിയില്‍ വീട്ടില്‍ക്കയറി ഗൃഹനാഥനെ ആക്രമിച്ച സംഭവം; ഒരാള്‍ പിടിയില്‍


കൊയിലാണ്ടി: പന്തലായനില്‍ വീട്ടില്‍ക്കയറി ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അമര്‍നാഥ് (20) ആണ് അറസ്റ്റിലായത്. കൊയിലാണ്ടി എസ്.ഐ.ജിതേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദിലീപ്, വിജു, വിവേക്, ഷംസീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലാവാനുണ്ട്. ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

കേസിലെ മൂന്നാം പ്രതിയാണ് അമര്‍നാഥ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വെളളിലാട്ട് അരുണ്‍, അജീഷ് എന്നിവരാണ് ഇനി പിടിയിലാവാനുള്ളത്.

നവംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളിലാട്ട് താഴെ ഉണ്ണിക്കൃഷ്ണനെയും ഭാര്യയെയും മക്കളെയുമാണ് വീട്ടില്‍ക്കയറി ആക്രമിച്ചത്. ഉണ്ണിക്കൃഷ്ണനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭാര്യയ്ക്കും മക്കള്‍ക്കും പരിക്കേറ്റത്.

സംഭവത്തില്‍ പ്രതികളെ അറസ്റ്റു ചെയ്ത് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ചൊവ്വാഴ്ചയ്ക്ക് മുമ്പ് പ്രതികളെ അറസ്റ്റു ചെയ്തില്ലെങ്കില്‍ പൊലീസ് സ്റ്റേഷനുമുമ്പില്‍ കുത്തിയിരുന്ന് സമരം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.