കൊയിലാണ്ടി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇനി കൂടുതല്‍ സുരക്ഷിതമാകും; ചുറ്റുമതിലിന്റെയും കവാടത്തിന്റെയും പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ചുറ്റുമതിലിന്റെയും കവാടത്തിന്റെയും പ്രവൃത്തി ഉദ്ഘാടനം ചെയ്തു. എം.എല്‍ എ കാനത്തില്‍ ജമീല ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പി.ഡബ്ല്യു.ഡി ബില്‍ഡിങ് വിഭാഗം മേല്‍നോട്ടം വഹിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണം ഏറ്റെടുത്ത് നടത്തുന്നത് യു.എല്‍.സി.സി ആണ്. മൂന്ന് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
സ്കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഒരു കോടി 88ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ പ്രവൃത്തി പൂര്‍ത്തിയായിരിക്കുകയാണ്. കോമ്പൗണ്ട് വാളും ഗേറ്റും കൂടി വരുമ്പോള്‍ സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും.
നഗരസഭ ചെയര്‍പെഴ്സണ്‍ സുധകിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. പൊതുമരാമത്തുവകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ. ഷിംന പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ നിജില പറവക്കൊടി, പി. വിശ്വന്, രമേശ് ചന്ദ്ര, വി.പി ഇബ്രാഹിം കുട്ടി, മുരളീധരന് തോറോത്ത്, കെ.കെ നാരായണന്, ഹെഡ്മാസ്റ്റര് കെ.കെ സുധാകരന്, പ്രിന്‍സിപ്പാള്‍ യു. ബിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ എന്‍.വി പ്രദീപ് കുമാര്‍ സ്വാഗതവും പി.ടി.എ പ്രസിഡന്റ് സുചീന്ദ്രന് നന്ദിയും പറഞ്ഞു.