ഓണ്‍ലൈനായി ലഭിച്ച പരാതികളില്‍ പകുതിയിലേറെയും പരിഹരിച്ചു; കൊയിലാണ്ടി താലൂക്ക് തല അദാലത്തില്‍ ലഭിച്ചത് 740 പരാതികള്‍


കൊയിലാണ്ടി: മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കൊയിലാണ്ടി താലൂക്ക് തല ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തില്‍ ലഭിച്ചത് 740 പരാതികള്‍. അദാലത്ത് ദിവസം പുതുതായി ലഭിച്ച 410 പരാതികള്‍ ഉള്‍പ്പെടെയാണിത്. ഓണ്‍ലൈനായി നേരത്തേ ലഭിച്ച 330 പരാതികളില്‍ 245 പരാതികള്‍ പരിഹരിച്ചു. ബാക്കിയുള്ള പരാതികളിലും പുതുതായി ലഭിച്ച പരാതികളിലും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി. ഇവ പരിഹരിക്കപ്പെടുന്ന മുറയ്ക്ക് തീരുമാനം പരാതിക്കാരെ അറിയിക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു.

അദാലത്തിലെത്തിയ പരാതികളുടെ അടിസ്ഥാനത്തില്‍ 23 എ.എ.വൈ കാര്‍ഡുകളും അഞ്ച് മുന്‍ഗണനാ കാര്‍ഡുകളും ചടങ്ങില്‍ വച്ച് മന്ത്രിമാര്‍ വിതരണം ചെയ്തു. ദീര്‍ഘകാലമായി നിലനിന്നിരുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ അദാലത്തില്‍ വച്ചുതന്നെ പരിഹാരം കാണാന്‍ സാധിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന അദാലത്തുകളായി കരുതലും കൈത്താങ്ങും മാറിക്കഴിഞ്ഞു. അദാലത്തില്‍ ലഭിച്ച ഭൂരിപക്ഷം പരാതികളിലും പരിഹാരം കാണാനായി. കൂടുതല്‍ വകുപ്പുകളുടെ ഇടപെടല്‍ ആവശ്യമുള്ള പ്രശ്നങ്ങളില്‍ പരാതികളുടെ പരിഹാരത്തിന് വിവിധ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയതായും മന്ത്രി അറിയിച്ചു. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരമാവധി വേഗത്തില്‍ പരിഹാരം കാണുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഓരോ താലൂക്ക് തലത്തിലും രണ്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ അദാലത്തുകള്‍ നടന്നുവരുന്നതെന്നും മന്ത്രി അറിയിച്ചു.

സാങ്കേതിക തടസ്സങ്ങളില്‍ പെട്ട് ഏറെ കാലമായി പരിഹരിക്കപ്പെടാതെ കിടന്ന പല പരാതികള്‍ക്കും പരിഹാരം കണ്ടെത്താന്‍ ജില്ലയില്‍ ഇതിനകം നടന്ന മൂന്ന് അദാലത്തുകളിലൂടെ സാധിച്ചതായി വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വലിയ സന്തോഷത്തോടെയാണ് ജനങ്ങള്‍ അദാലത്തില്‍ നിന്ന് തിരിച്ചുപോവുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗണ്‍ ഹാളില്‍ നടന്ന അദാലത്തില്‍ എം.എല്‍.എമാരായ കാനത്തില്‍ ജമീല, അഡ്വ. സച്ചിന്‍ ദേവ്, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട്, കെ.ടി.ഐ.എല്‍ ചെയര്‍മാന്‍ എസ്.കെ.സജീഷ്, എ.ഡി.എം എന്‍.എം.മെഹറലി, ഡെപ്യൂട്ടി കളക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലയിലെ നാലാമത്തേതും അവസനാനത്തേതുമായ താലൂക്ക് തല അദാലത്ത് താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍ ഹാളില്‍ ഡിസംബര്‍ 13 രാവിലെ 10 മണി മുതല്‍ നടക്കും.