” എന്റെ വരുമാനംമുട്ടി, കട അപ്പാടെ തകര്‍ന്നു, വീട്ടിലേക്ക് ഇടിച്ച് കയറാഞ്ഞത് ഭാഗ്യം”; മൂടാടിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് തട്ടുകട തകര്‍ന്നു


കൊയിലാണ്ടി: മൂടാടിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് തട്ടുകട തകര്‍ന്നു. വീമംഗലം സ്‌കൂളിന് സമീപം ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. വീമംഗലം സ്വദേശി കുഞ്ഞിക്കണ്ണന്റെ തട്ടുകടയാണ് തകര്‍ന്നത്.

തട്ടുകടയും ഷീറ്റുകൊണ്ട് നിര്‍മ്മിച്ച മേല്‍ക്കൂരയും ആകെ തകര്‍ന്നെന്ന് കുഞ്ഞിക്കണ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ”രാത്രി കടപൂട്ടി വീട്ടിലേക്ക് വന്നതായിരുന്നു ഞാന്‍. ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. വലിയ ശബ്ദം കേട്ട് നോക്കുമ്പോഴാണ് കടയിലേക്ക് കാര്‍ ഇടിച്ച് നില്‍ക്കുന്നത് കണ്ടത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടാവാം. കട കുറച്ചുദിവസം തുറക്കാന്‍ കഴിയില്ല. എന്റെ വരുമാനം മുട്ടി” അദ്ദേഹം പറഞ്ഞു.

കൊയിലാണ്ടി ഭാഗത്തുനിന്നും വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വടകര സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ഇവര്‍ക്ക് ആര്‍ക്കും പരിക്കില്ല.