” എനിക്ക് അര്‍ഹതപ്പെടാത്തതാണ് ആ പൈസ, ഓര്‍മ്മവന്നത് ഏയ് ഓട്ടോ സിനിമയിലെ ആ രംഗങ്ങള്‍”; കൊയിലാണ്ടി നഗരത്തില്‍ നിന്നും കളഞ്ഞുകിട്ടിയത് 50000 രൂപ, പൊലീസില്‍ ഏല്‍പ്പിച്ച് ഉടമയെ കണ്ടെത്തി ചേലിയ സ്വദേശി


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ കളഞ്ഞുപോയ 50000 രൂപയുടെ നോട്ട് കെട്ട് ഉടമസ്ഥന് തിരികെ കിട്ടാന്‍ സഹായകരമായത് ചേലിയ സ്വദേശി ജിനീഷിന്റെ ഇടപെടല്‍. ഇന്ന് ഉച്ചയോടെയാണ് ജിനീഷിന് കൊയിലാണ്ടി ബസ് സ്റ്റാന്റിന് മുന്‍വശത്ത് ദേശീയപാതയില്‍ നിന്നും അഞ്ഞൂറിന്റെ നൂറ് നോട്ടുകളുടെ കെട്ട് ലഭിച്ചത്. ജിനീഷ് അത് സമീപത്തെ ട്രാഫിക് പൊലീസിനെ ഏല്‍പ്പിക്കുകയും പൊലീസ് ഉടമസ്ഥനെ കണ്ടെത്തി പണം തിരിച്ചേല്‍പ്പിക്കുകയുയമായിരുന്നു.

സംഭവം ജിനീഷ് വിശദീകരിക്കുന്നതിങ്ങനെ: ” ടൈല്‍സിന്റെ പണിയാണെനിക്ക്. കൊല്ലത്തായിരുന്നു ഇന്ന് ജോലി. പണിയാവശ്യത്തിനുള്ള ഒരു യന്ത്രം കോഴിക്കോട് നിന്നും കൊയിലാണ്ടിയിലേക്ക് എത്തിച്ചത് വാങ്ങാനാണ് ജോലിയ്ക്കിടയില്‍ നിന്നും ബൈക്കില്‍ കൊയിലാണ്ടിയിലേക്ക് വന്നത്. ഇത് വാങ്ങി തിരിച്ചുപോകവെ റോഡില്‍ ചെറിയ ഗതാഗതക്കുരുക്ക് കാരണം വാഹനം ഒന്ന് സ്ലോ ആയപ്പോള്‍ കാല് നിലത്ത് ചവിട്ടിയത് നോട്ടുകെട്ടിലായിരുന്നു. ഉടനെ അതെടുത്ത് നോക്കി. അഞ്ഞൂറിന്റെ നോട്ടുകളാണ്. ആക്‌സിസ് ബാങ്കിന്റെ ഒരു സ്ലിപ്പില്‍ പൊതിഞ്ഞ് പിന്‍ചെയ്ത നിലയിലായിരുന്നു. അപ്പോഴെന്റെ മനസില്‍ വന്നത് ഏയ് ഓട്ടോ സിനിമയില്‍ ഓട്ടോറിക്ഷയില്‍ നഷ്ടപ്പെട്ട കല്ല്യാണ ആവശ്യത്തിനുവെച്ച പണം തിരിച്ചേല്‍പ്പിക്കുന്ന രംഗമാണ്. ഈ പണം നഷ്ടപ്പെട്ടവരുടെ അപ്പോഴത്തെ മാനസികാവസ്ഥയാണ് ഞാനോര്‍ത്തത്. എന്തെങ്കിലും അത്യാവശ്യത്തിനായി എടുത്തതാകാം, ഞാനതെന്തായാലും എടുക്കില്ല. എനിക്ക് അര്‍ഹതപ്പെട്ട പൈസ അല്ല അത്, ഞാന്‍ ജോലി ചെയ്ത് കിട്ടിയതല്ല. അതുകൊണ്ട് സമീപത്തെ ട്രാഫിക് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.”

” പൊലീസ് എന്റെ പേരും വിലാസവും ഫോണ്‍ നമ്പറുമെല്ലാം വാങ്ങിച്ചു. ഞാനത് പൊലീസിനെ ഏല്‍പ്പിക്കുന്ന ഫോട്ടോയും എടുത്ത് തിരിച്ച് ജോലിക്ക് പോയി. സ്‌റ്റേഷനിലെ പരിചയത്തിലുള്ള ഒരു ഓഫീസറോട് കാര്യം പറയുകയും ചെയ്തിരുന്നു. കുറച്ച് കഴിഞ്ഞ് സ്റ്റേഷനില്‍ നിന്ന് വിളിച്ച് ഉടമയെ കണ്ടെത്തിയ കാര്യം പരിചയക്കാരന്‍ അറിയിക്കുകയായിരുന്നു. ജോലി തിരക്കിലായതിനാല്‍ സ്‌റ്റേഷനില്‍ വരുന്നില്ലെന്ന് പറഞ്ഞതാണ്. അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ വന്ന് പണം തിരിച്ചേല്‍പ്പിച്ചു.”

കൊയിലാണ്ടി ട്രാഫിക് എഎസ്.ഐ.എ മനോജിനെയാണ് ജിനീഷ് പണം ഏല്‍പ്പിച്ചത്. തുടര്‍ന്ന് ട്രാഫിക് എസ്.ഐ. എം.കെ.പുരുഷോത്തമന്‍, വി.കെ.പ്രദീപന്‍, കെ.എം.രവീന്ദ്രന്‍, എസ്.സി.പി.ഒ.വി.എം.മഹേഷ്, ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ഉടമയെ കണ്ടെത്തുകയായിരുന്നു. തിക്കോടി പുറക്കാട് സ്വദേശി മൊയ്തുവിന്റെതായിരുന്നു പണം. ബാങ്കില്‍ നിന്നും പണം എടുത്ത് പോകുമ്പോള്‍ കളഞ്ഞു പോകുകയായിരുന്നു. തുടര്‍ന്ന് ജിനീഷിന്റെ സാന്നിധ്യത്തില്‍ പോലീസ് പണം മൊയ്തുവിനു കൈമാറുകയായിരുന്നു.

Summary: 50000 rupees found from Koyaladi city, Chelia resident found the owner after handing it over to the police