ചെറുപയറും പുട്ടും കുറച്ച് ഓട്‌സും! പ്രഭാതഭക്ഷണത്തില്‍ ഇവ കൂടി ഉള്‍പ്പെടുത്തൂ, ആരോഗ്യം സംരക്ഷിക്കൂ


തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും പ്രഭാതഭക്ഷണം കഴിക്കാതെ ഒഴിവാക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഇത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പലര്‍ച്ചും കാര്യമായ അറിവില്ല എന്നതാണ് സത്യം. നമ്മുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം.

അതുകൊണ്ടുതന്നെ നിര്‍ബന്ധമായും എല്ലാവരും രാവിലെയുള്ള ഭക്ഷണം കൃത്യമായി കഴിക്കണം. എന്നാല്‍ പ്രഭാതഭക്ഷണത്തിന് എന്തെങ്കിലും കഴിച്ചാല്‍ മാത്രം മതിയോ…?പോരാ. പോക്ഷകസമ്പുഷ്ടവും ആരോഗ്യത്തിന് ഗുണകരവുമായ ഭക്ഷണങ്ങള്‍ വേണം പ്രഭാതഭക്ഷണമായി കഴിക്കാന്‍. അത്തരത്തില്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് പ്രധാനപ്പെട്ട ഭക്ഷണങ്ങളെക്കുറിച്ച് വിശദമായി അറിയാം

മുട്ട

ദിവസവും പ്രാതലിന് ഒപ്പം മുട്ട കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഓംലറ്റായോ പുഴുങ്ങിയോ മുട്ട കഴിക്കാം. മുട്ടയിലടങ്ങിയിരിക്കുന്ന കോളിന്‍ എന്ന പോഷകം കരളില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നത് തടയുന്നു. ഒപ്പം കണ്ണിന്റെ ആരോഗ്യത്തിനും മുട്ട ഏറെ നല്ലതാണ്‌. കൂടാതെ ദിവസേന മുട്ട കഴിക്കുന്നവരില്‍ സ്‌ട്രോക്കിന്റെ സാധ്യത കുറയുമെന്നാണ്‌
പഠനങ്ങള്‍ പറയുന്നത്.

ഓട്സ്

പ്രഭാതഭക്ഷണായി ഓട്‌സ് കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. എല്ലിന്റെ വളര്‍ച്ചയ്ക്ക് സഹായകരമായ വിറ്റാമിന്‍ ബി അടങ്ങിയ ഓട്‌സ് ഗോതമ്പിനേക്കാള്‍ മികച്ചതാണ്. ഒപ്പം ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ തീര്‍ച്ചയായും പ്രഭാതഭക്ഷണത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്താം. ദഹനപ്രശ്‌നങ്ങള്‍ക്കും, ഹൃദയത്തിന്റെ ആരോഗ്യത്തിനും ഓട്‌സ് മികച്ചതാണ്‌.

ഇഡ്ഡലി സാമ്പാർ

പ്രഭാതഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണമാണ്‌ ഇഡ്ഡലി. എളുപ്പത്തില്‍ ദഹിക്കുന്ന ഇഡ്ഡലി ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പ്രഭാത ഭക്ഷണമായി കഴിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ ഇഡ്ഡലിയില്‍ അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കുകയും ചെയ്യും

ചെറുപയർ

ഉയര്‍ന്ന നാരുകള്‍ ഉള്ളതിനാല്‍ കുടലിന്റെ ആരോഗ്യത്തിനും ദഹനത്തിനും മികച്ചാണ് ചെറുപയര്‍. ചെറുപയറിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ ചെറുപയറില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍, ഫോളേറ്റ്, മാംഗനീസ്, ഫോസ്ഫറസ്, ഇരുമ്പ്, ചെമ്പ് എന്നിവ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ഏറെ ഗുണകരമാണ്‌.

നേന്ത്രപ്പഴം

ഇഡ്ഡലി പോലെ തന്നെ പ്രഭാതഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് നേന്ത്രപ്പഴം. പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍ കാര്‍ബോഹൈഡ്രേറ്റ്‌സ് എന്നിവ അടങ്ങിയ നേന്ത്രപ്പഴം പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യും.