അകലപ്പുഴ ബോട്ട് ജെട്ടി നവീകരണത്തിന് 49.75ലക്ഷം, വടകര സാന്റ് ബാങ്ക്‌സിന് 60ലക്ഷം; ജില്ലയില്‍ അഞ്ച് വിനോദസഞ്ചാര പദ്ധതികള്‍ക്ക് ഭരണാനുമതി


കോഴിക്കോട്: കൊയിലാണ്ടി അകലാപ്പുഴ ബോട്ട് ജെട്ടി നവീകരണം അടക്കം ജില്ലയില്‍ 3,81,23,642
രൂപയുടെ അഞ്ചു വിനോദസഞ്ചാര പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. അകലാപ്പുഴയിലെ ബോട്ട് ജെട്ടി നവീകരണത്തിന് 49.75ലക്ഷം രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്.

അകലാപ്പുഴയില്‍ നിലവിലെ ബോട്ട് ജെട്ടി ബലപ്പെടുത്തല്‍, കേടുപാടുകള്‍ പരിഹരിക്കല്‍, ബോട്ട് ജെട്ടിക്ക് മേല്‍ക്കൂര നിര്‍മ്മിക്കല്‍, സുരക്ഷക്കായി ഹാന്‍ഡ് റെയില്‍ പ്രവൃത്തി, ഫ്‌ലോട്ടിങ്ങ് ബോട്ട് ജെട്ടി ഉപയോഗിച്ച് ബോട്ട് ജെട്ടിയുടെ വിസ്തീര്‍ണ്ണം കൂട്ടല്‍ തുടങ്ങിയ പ്രവൃത്തികളാണ് നടപ്പാക്കുക.

ബാലുശ്ശേരി മണ്ഡലത്തില്‍പ്പെട്ട നമ്പികുളം ഇക്കോടൂറിസം പദ്ധതിയുടെ തുടര്‍വികസന പ്രവൃത്തി (72.32 ലക്ഷം),
വടകര സാന്റ് ബാങ്ക്‌സുമായി ബന്ധപ്പെട്ട ഏകീകൃത ടൂറിസം സര്‍ക്യൂട്ടിന്റെ നവീകരണം (60 ലക്ഷം), മാനാഞ്ചിറയിലെ അന്‍സാരി പാര്‍ക്ക് പുനരുദ്ധാരണം (99,99,999 രൂപ) എന്നിവയാണ് തുക അനുവദിച്ച് ഭരണാനുമതി ആയ മറ്റു പദ്ധതികള്‍.

ഡി.ടി.പി.സിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രമായ വടകര സാന്റ് ബാങ്ക്‌സിലെ പാര്‍ക്കിംഗ് ഏരിയ നിലവില്‍ സ്റ്റാക്ക് ചെയ്തിരിക്കുന്ന ഇന്റര്‍ലോക്ക് ഉപയോഗിച്ച് വികസിപ്പിക്കല്‍, ഹാന്‍ഡ് റെയില്‍ പ്രവൃത്തി, കുട്ടികളുടെ പാര്‍ക്കില്‍ കളിയുപകരണങ്ങള്‍ ലഭ്യമാക്കല്‍, ഓഫീസ് ഫര്‍ണിച്ചര്‍ ലഭ്യമാക്കല്‍, സി.സി ടി വി വിപുലീകരണം, പ്ലംബിങ് പ്രവൃത്തി എന്നിവയാണ് നടപ്പാക്കുക.

നമ്പികുളം വിനോദസഞ്ചാര കേന്ദ്രത്തില്‍ ടോയ്‌ലറ്റ് ബ്ലോക്ക്, പമ്പ് ഹൗസ്, പ്ലംബിങ്ങ് പ്രവൃത്തി, കെ.എസ്.ഇ.ബി കണക്ഷന്‍, റീട്ടെയിനിങ്ങ് വാള്‍, ഫെന്‍സിംഗ് പ്രവൃത്തി, സൈനേജുകള്‍ എന്നിവ നടപ്പാക്കുന്നതിനാണ് തുക വകയിരുത്തിയത്.

കടലുണ്ടി കാവുകുളത്തിലെ ചെളി മാറ്റി വെള്ളത്തിന്റെ വ്യാപ്തി കൂട്ടുന്നതിനും വശങ്ങള്‍ കെട്ടിസംരക്ഷിക്കുന്ന പ്രവൃത്തിക്കുമാണ് തുക വകയിരുത്തിയത്.

അന്‍സാരി പാര്‍ക്കിലെ പ്രവര്‍ത്തനരഹിതമായ ഫൗണ്ടൈന്‍ മാറ്റി പുതിയ ഫൗണ്ടൈന്‍ സ്ഥാപിക്കല്‍, കുട്ടികളുടെ പാര്‍ക്കില്‍ കേടുപാടുകള്‍ സംഭവിച്ച കളിയുപകരണങ്ങള്‍ക്ക് പകരം പുതിയവ നല്‍കല്‍, പ്ലംബിങ് ആന്‍ഡ് ഇലക്ട്രിക്കല്‍ പ്രവൃത്തി എന്നിവയാണ് പദ്ധതി പ്രകാരം നടപ്പാക്കുക.