ചേലിയ സ്വദേശിനി വിജിഷയുടെ ദുരൂഹ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി


കൊയിലാണ്ടി: ചേലിയ സ്വദേശിനി വിജിഷയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കാന്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് മേധാവി ആര്‍.ഹരിദാസിനാണ് അന്വേഷണ ചുമതല. കൊയിലാണ്ടിയിലെ സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായിരുന്ന വിജിഷയെ ഡിസംബര്‍ 11-നാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ തട്ടിപ്പിനിരയായതാണ് യുവതിയുടെ മരണകാരണമെന്ന് പറയുന്നത്.

 

 

ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള ഒരു പ്രശ്‌നവും വിജിഷക്കുള്ളതായി ആര്‍ക്കുമറിവില്ല. എന്നാല്‍ പുറത്തുവന്ന വിജിഷയുടെ ബാങ്ക് ഇടപാടുകള്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. യുവതിയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ഒരു കോടിയോളം രൂപയുടെ ഇടപാടുകളാണ് നടത്തിയത്. എന്തിനാണ് ഇത്രയും രൂപയുടെ ഇടപാട് നടത്തിയതെന്നോ ആര്‍ക്ക് വേണ്ടിയാണ് ഇടപാട് നടത്തിയതെന്നോ വീട്ടുകാര്‍ക്കോ സുഹൃത്തുകള്‍ക്കോ ഒന്നുമറിയില്ല. ഇതിന് പുറമെ വിജിഷയുടെ വിവാഹത്തിന് വേണ്ടി കരുതി വെച്ച 35 പവന്‍ സ്വര്‍ണവും വീട്ടുകാര്‍ അറിയാതെ അവര്‍ ബാങ്കില്‍ പണയം വെച്ച് പണം വാങ്ങിയിട്ടുമുണ്ട്. ഇതും എന്തിനാണെന്ന് വീട്ടുകാര്‍ക്കറിയില്ല.

വിജിഷുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ഫയലുകള്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചതായാണ് വിവരം. വിജിഷയുടെ ലാപ്‌ടോപ്പും, ഫോണും പരിശോധിക്കാന്‍ സൈബര്‍ സെല്ലിനെ പോലീസ് സമീപിട്ടുണ്ട്. ഇതു കൂടി പരിശോധിച്ചാലെ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ.

വിജിഷയുടെ ദുരൂഹമരണത്തെ തുടര്‍ന്ന് ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലാണ്. കേസ് അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നായിരുന്നു ഇവരുടെ അവശ്യം. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.