ജില്ലാ പഞ്ചായത്തിന്റെ സ്നേഹസ്പര്‍ശം പദ്ധതി: ഡയാലിസിസിന് ഇനിമുതല്‍ 4000രൂപ ധനസഹായം
കോഴിക്കോട്: വൃക്കരോഗികള്‍ക്ക് ഡയാലിസിസിനുള്ള ജില്ലാ പഞ്ചായത്തിന്റെ പ്രതിമാസ ധനസഹായം 3000 രൂപയിൽ നിന്ന് 4000 രൂപയായി വര്‍ധിപ്പിച്ചു. കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു.
2012ല്‍ ആരംഭിച്ച പദ്ധതിയിലൂടെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ വഴി ഡയാലിസിസ് ധനസഹായം, വൃക്ക, കരള്‍ മാറ്റിവെച്ചവര്‍ക്ക് സൗജന്യ ജീവന്‍ രക്ഷാമരുന്നുകള്‍ എന്നിവ വീടുകളില്‍ എത്തിച്ചു നല്‍കുന്നുണ്ട്. മാനസിക രോഗികളുടെ പരിചരണത്തിനായി സൗജന്യ ചികിത്സയും മരുന്നും നവജീവന്‍ ക്ലിനിക്കുകളിലൂടെ നല്‍കുന്നുണ്ട്.
പദ്ധതിപ്രകാരം വൃക്കരോഗവും ജീവിതശൈലീരോഗങ്ങളും തുടക്കത്തിലേ തിരിച്ചറിയാന്‍ സഹായിക്കുന്നതിനായി ഇഖ്റ ആശുപത്രിയുടെ സഹകരണത്തോടെ പരിശോധനാ ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസം 100 പേരെയാണ് ക്ലിനികിൽ സൗജന്യമായി പരിശോധിക്കുന്നത്. ജില്ലയിലെ റസിഡന്‍സ് അസോസിയേഷനുകള്‍, കലാ-സംസ്ക്കാരിക സംഘടനകള്‍ എന്നിവർക്ക് 9544023222, 9562979420 നമ്പറുകളില്‍ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.
അഗതികളായ എയ്ഡ്സ് രോഗബാധിതരെ സംരക്ഷിക്കുന്നതിനായി കെയര്‍ സെന്ററും പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. വൃക്കമാറ്റ ശസ്ത്രക്രിയ പൂര്‍ണ്ണമായും സൗജന്യമാക്കുന്ന സ്നേഹസ്പര്‍ശം ജീവജ്യോതി പദ്ധതിയിലൂടെ ഇതുവരെയായി 45 വൃക്ക മാറ്റ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും ഈ പദ്ധതി ലഭ്യമാണ്.
മറ്റ് സഹായങ്ങളോ, കേന്ദ്ര-സംഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ഇന്‍ഷൂറന്‍സ് റീ-ഇമ്പേഴ്സ്മെന്റ് സൗകര്യങ്ങളോ ലഭ്യമല്ലാത്തതും മാതാപിതാക്കള്‍, ഭാര്യാ ഭര്‍ത്താക്കന്മാര്‍, സഹോദരങ്ങള്‍, മക്കള്‍ എന്നിവർ ദാതാവായ് വരുന്നവര്‍ക്ക് ഈ സഹായത്തിനായി സ്നേഹസ്പര്‍ശത്തില്‍ അപേക്ഷിക്കാവുന്നതാണ്.
പദ്ധതിയുടെ തുടക്കത്തില്‍ പൊതുജനങ്ങള്‍, ആരാധനാലയങ്ങള്‍, സ്കൂളുകള്‍, കുടുംബശ്രീ, വ്യാപാരി വ്യവസായികള്‍ എന്നിവരും വ്യക്തികളും സ്നേഹസ്പര്‍ശത്തില്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അനുമതിയോടെ കൈമാറുന്ന വിഹിതങ്ങളാണ് നിലവില്‍ പദ്ധതിക്കായി ഉപയോഗിക്കുന്നത്. 2023 മാര്‍ച്ച് വരെ ഉള്ള കാലയളവില്‍ 29.44 കോടി രൂപയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചത്
70,629 ഡയാലിസിസുകള്‍ക്കായി 1.78 കോടി രൂപയും 6377 പേര്‍ക്ക് മരുന്നിനായി 87.66 ലക്ഷം രൂപയും നവജീവന്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനത്തിനായി 3.13 ലക്ഷം രൂപയും കെയര്‍ സെന്റര്‍ നടത്തിപ്പിനായി 8.24 ലക്ഷവും 23 വൃക്ക മാറ്റ ശസ്ത്രക്രിയകള്‍ക്കായി 69.55 ലക്ഷവുമാണ് 2023ല്‍ ഉപയോഗിച്ചത്. യോഗത്തില്‍ 2022-23 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഓഡിറ്റ് ചെയ്ത വരവു ചെലവു കണക്കുകളും യോഗം അംഗീകരിച്ചു. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു.