പുരസ്ക്കാരപ്രഭയിൽ വൈരി; കൊയിലാണ്ടിക്കാരന്റെ ഹ്രസ്വ ചിത്രം നേടിയത് നാല് അവാർഡുകൾ


കൊയിലാണ്ടി: കൊയിലാണ്ടിക്ക് അഭിമാനം. കൊയിലാണ്ടി കൊല്ലം സ്വദേശിയായ പ്രശാന്ത് ചില്ല അവതരിപ്പിച്ച വൈരി എന്ന ഹ്രസ്വ ചിത്രം നേടിയെടുത്തത് നാല് പുരസ്കാരങ്ങൾ. നെടുമുടിവേണു സ്മാരകാർത്ഥം മീഡിയ ഹബ്ബ് നടത്തിയ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും ഓപ്പൺ ഡോർ സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ വിംഗിൾസ് എന്റർടൈൻമെന്റസ് സച്ചി മെമ്മോറിയൽ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി അവാർഡിലും വൈരി തിളങ്ങി.


മീഡിയ ഹബ്ബ് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മൂന്നു അവാർഡുകളാണ് നേടിയത്. മികച്ച സംവിധായകൻ പ്രശാന്ത് ചില്ല, മികച്ച പശ്ചാത്തല സംഗീതം സാന്റീ, മികച്ച അഭിനേത്രി ദേവനന്ദ എന്നിവരാണ് അഭിമാന നേട്ടം കൈവരിച്ചത്. വിംഗിൾസ് എന്റർടൈൻമെന്റസ് സച്ചി മെമ്മോറിയൽ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി അവാർഡിൽ സംവിധായകനുള്ള സ്പെഷ്യൽ ജൂറി പുരസ്‌കാരം പ്രശാന്ത് ചില്ല കരസ്ഥമാക്കി.


ആഗസ്ത് അവസാനവാരം തിരുവനന്തപുരത്ത് വെച്ച് പുരസ്‌കാരസമർപ്പണം നടക്കും. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി രഞ്ജിത്ത് ലാലിന്റെ ആശയത്തിൽ പ്രശാന്ത് ചില്ല സംവിധാനം ചെയ്ത വൈരി നിരവധി കാഴ്ചക്കാരിലേക്ക് എത്തിയ ചിത്രമാണ്. ആകാശ് പ്രകാശ് മ്യൂസിക് ആൻഡ് എന്റർടൈൻമെന്റ് ബാനറിൽ പ്രകാശ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.