‘പെരുമാള്‍പുരത്തെ വെള്ളക്കെട്ടില്‍ സഹികെട്ട് ഇവര്‍ സമരം തുടങ്ങിയിട്ട് എഴാം ദിവസം’; ഇതുവരെ റിലേ നിരാഹാരത്തില്‍ പങ്കെടുത്തത് 36ഓളം പേര്‍, സമരക്കാരെ അഭിവാദ്യം ചെയ്യാനെത്തി എം.എല്‍.എ അടക്കമുള്ള പ്രമുഖര്‍
പയ്യോളി: ദേശീയപാതയില്‍ പയ്യോളി, പെരുമാള്‍പുരം, തിക്കോടി ഭാഗങ്ങളിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തുന്ന റിലേ നിരാഹാര സമരം ഏഴ് ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇതുവരെ 36 പേരാണ് സമരത്തിന്റെ ഭാഗമായി നിരാഹാരമിരുന്നത്. പെരുമാള്‍പുരത്തെ തിക്കോടിയന്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മുന്‍ഭാഗത്തായാണ് സമരം നടക്കുന്നത്.
സി.പി.ഐ.എം പള്ളിക്കര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 15ന് രാവിലെയായിരുന്നു സമരം തുടങ്ങിയത്. ജൂലൈ 19 മുതല്‍ തിക്കോടി, പള്ളിക്കര ലോക്കല്‍ കമ്മിറ്റികള്‍ കൂടി സമരരംഗത്തുണ്ട്. തിക്കോടി പഞ്ചായത്ത് അടിസ്ഥാനത്തില്‍ സമരം വിപുലപ്പെടുത്തിന്റെ ഭാഗമായാണിത്.
കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല, മുന്‍ എം.എല്‍.എ കെ.ദാസന്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഡി.ദീപ, സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എന്‍.പി ഷിബു, എരിയ കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവരും സാംസ്കാരിക രംഗത്തുള്ളവരുമടക്കും നിരവധി പ്രമുഖര്‍ ഇതിനകം സമരപ്പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു. കൂടാതെ ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, സി.ഐ.ടി.യു ഓട്ടോ സെക്ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ സമരകേന്ദ്രത്തില്‍ പ്രകടനമായെത്തി പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ചു.
പയ്യോളി മുതല്‍ തിക്കോടി വരെയുള്ള ഭാഗത്ത് ദേശീയപാതയില്‍ തുടര്‍ച്ചയായുണ്ടാവുന്ന വെള്ളക്കെട്ടിലും ഗതാഗതക്കുരുക്കിലും സഹികെട്ടാണ് സി.പി.എം നേതൃത്വത്തില്‍ പ്രദേശവാസികള്‍ റിലേ നിരാഹാര സമരവുമായി രംഗത്തുവന്നത്. വെള്ളക്കെട്ടും ചെളിയും കാരണം സര്‍വ്വീസ് റോഡുവഴിയുള്ള ഗതാഗതം ദുഷ്‌കരമാണ്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷാ പോലുള്ള ചെറുവാഹനങ്ങളുമാണ് വളരെയേറെ പ്രയാസം അനുഭവിക്കുന്നത്. പലപ്പോഴും ഇതുവഴിയുള്ള യാത്ര ജീവന്‍ പണയംവെച്ചുള്ളതാകുന്ന സ്ഥിതിയുണ്ട്. വിദ്യാര്‍ഥികളടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് ഇതുകാരണം പ്രയാസത്തിലാവുന്നത്.