പിടിച്ചെടുത്ത് നശിപ്പിച്ചത് 30 കിലോഗ്രാം മത്സ്യം; കൊയിലാണ്ടി നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ അനധികൃത മത്സ്യവില്‍പ്പനയ്‌ക്കെതിരെ നടപടിയുമായി ആരോഗ്യവിഭാഗം


കൊയിലാണ്ടി: നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ അനധികൃതമായി നടത്തിയ മത്സ്യ വിതരണം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. ലിങ്ക് റോഡ്, കൊല്ലം ടൗണ്‍, ബപ്പങ്ങാട് എന്നിവിടങ്ങളിലെ തെരുവ് കച്ചവട ഐഡി കാര്‍ഡ് ഇല്ലാത്ത അനധികൃത മത്സ്യ വ്യാപാരങ്ങളാണ് നീക്കം ചെയ്തത്. പിടിച്ചെടുത്ത 30 കിലോഗ്രാം മത്സ്യം നഗരസഭ സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നശിപ്പിക്കുകയും ചെയ്തു.

ലിങ്ക് റോഡിലും ബപ്പങ്ങാടും രണ്ടിടങ്ങളിലും കൊല്ലം ടൗണില്‍ ഒരിടത്തുമാണ് അനധികൃതമായ മത്സ്യവില്‍പ്പന ശ്രദ്ധയില്‍പ്പെട്ടത്. ഇത്തരം മത്സ്യവില്‍പ്പന ഗതാഗത പ്രശ്‌നങ്ങളും പൊതുജനങ്ങള്‍ക്ക് പ്രയാസവും സൃഷ്ടിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചകളില്‍ അധികൃതര്‍ അനധികൃതവില്‍പ്പനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നതായി നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. കൂടാതെ കൊല്ലത്തും കൊയിലാണ്ടിയിലും മത്സ്യമാര്‍ക്കറ്റുകളുണ്ട്. മാര്‍ക്കറ്റിനുള്ളില്‍ ഇവര്‍ക്ക് മത്സ്യവില്‍പ്പന നടത്താന്‍ തടസമൊന്നുമില്ല എന്നിരിക്കെയാണ് അനധികൃതമായ വില്‍പ്പനയെന്നും ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞു.

നഗരസഭാ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപന്‍ മരുതേരി, കെ.റിഷാദ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജമീഷ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃത വ്യാപാരങ്ങള്‍ നീക്കം ചെയ്തത്. വരും ദിവസങ്ങളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനത്തിലൂടെ മുഴുവന്‍ അനധികൃത വ്യാപാരങ്ങളും നിര്‍ത്തലാക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സന്‍ അറിയിച്ചു.

Summary: 30 kg of fish seized and destroyed; The health department has taken action against the illegal sale of fish in various centers of the koyilandy munipality