ഓടുന്ന ബസിൽ നിന്ന് റോഡരികിലേക്ക് തെറിച്ച് വീണു; കോഴിക്കോട് വയോധികന് ദാരുണാന്ത്യം


കോഴിക്കോട്: ഓടുന്ന ബസിൽ നിന്ന് റോഡരികിലേക്ക് തെറിച്ച് വീണ് വയോധികൻ മരിച്ചു. മാങ്കാവ് പാറമ്മൽ സ്വദേശി കൊച്ചാളത്ത് ഗോവിന്ദനാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കോഴിക്കോട് നഗരത്തിൽ നിന്നും പന്തീരാങ്കാവിലേക്ക് പോകുന്ന സിറ്റി ബസിൽ നിന്നാണ് ഗോവിന്ദൻ തെറിച്ചുവീണത് . ബസിന്റെ പിൻഭാഗത്തെ ഓട്ടോമാറ്റിക് ഡോർ തുറന്നുകിടക്കുകയായിരുന്നു.

ചാലപ്പുറം കേസരിക്ക് സമീപം റോഡിലെ വളവിൽ ബസ് തിരിയുന്നതിനിടെ തുറന്നിട്ട ഡോറിലൂടെ ഗോവിന്ദൻ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. റോഡരികിലേക്ക് തെറിച്ചുവീണ ഗോവിന്ദനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ കസബ പൊലിസ് കേസെടുത്തു. ബസ് പോലിസ് കസ്റ്റഡിയിൽ എടുത്തു.