ചൈനീസ് ഭക്ഷ്യ ഉല്പന്നങ്ങള്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നല്‍കാന്‍ പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവില്‍ നിന്നും 26 ലക്ഷം രൂപ തട്ടിയെടുത്ത കൊയിലാണ്ടി സ്വദേശിനിയടക്കം രണ്ട് പേര്‍ പിടിയില്‍


കൊയിലാണ്ടി: ചൈനീസ് ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ഫൈവ്സ്റ്റാര്‍ റേറ്റിങ് നല്‍കിയാല്‍ പണം നല്‍കാമെന്നു വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കൊയിലാണ്ടി സ്വദേശിനിയടക്കം രണ്ടുപേര്‍ പിടിയില്‍. കൊയിലാണ്ടി സ്വദേശിനിയും ഇപ്പോള്‍ കണ്ണൂര്‍ തലശ്ശേരി മൂഴിക്കരയിലെ താമസക്കാരിയുമായ അക്ഷയ (28), കോഴിക്കോട് നരിക്കുനി പാറന്നൂര്‍ ആരീക്കല്‍ ഹൗസില്‍ അസര്‍ മുഹമ്മദ് (29) എന്നിവരെയാണ് പൊഴിയൂര്‍ പൊലീസ് കോഴിക്കോടു നിന്നു പിടികൂടിയത്. കുളത്തൂര്‍ സ്വദേശിയായ ഷൈന്‍ ആണ് തട്ടിപ്പിന് ഇരയായത്.

ചൈനീസ് ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ഫൈവ്സ്റ്റാര്‍ റേറ്റിങ് നല്‍കുന്ന ജോലിയെന്ന് പറഞ്ഞാണ് ഇവര്‍ യുവാവിനെ പറ്റിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പരസ്യം ഇന്‍സ്റ്റഗ്രാമില്‍ കണ്ടാണ് ഷൈന്‍ ഇവരുമായി ബന്ധപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഓരോഘട്ടം കഴിയുമ്പോഴും പണം അക്കൗണ്ടില്‍ വരുമെന്ന് സംഘം യുവാവിനെ വിശ്വസിപ്പിക്കുകയായിരുന്നു. അതിനായി ആദ്യഘട്ടത്തില്‍ 10,000 രൂപ അവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് യുവാവിനെ കൊണ്ട് നിക്ഷേപിപ്പിച്ചു. ഇതിന് പിന്നാലെ 999 രൂപ ഷൈനിന്റെ അക്കൗണ്ടിലേക്ക് നല്‍കുകയും ചെയ്തു. ചെറിയ തുക അക്കൗണ്ടിലേക്ക് നല്‍കി ഷൈനിന്റെ വിശ്വാസം പിടിച്ചു പറ്റിയ സംഘം പലതവണയായി 26 ലക്ഷത്തോളം രൂപ ഇയാളില്‍നിന്നു തട്ടിയെടുക്കുകയായിരുന്നു.

ഓരോ തവണയും ലഭിക്കേണ്ട പണം ആവശ്യപ്പെടുമ്പോള്‍ സാങ്കേതിക തകരാറാണെന്നും നിങ്ങളുടെ പണം അക്കൗണ്ടില്‍ സുരക്ഷിതമാണെന്നും ഇരുവരും ഷൈനിനെ വിശ്വസിപ്പിച്ചു. ഒടുവില്‍ ഇവരെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നപ്പോഴാണു തട്ടിപ്പിന് ഇരയായതായി ബോധ്യമായത്. തുടര്‍ന്ന് ഇയാള്‍ പൊഴിയൂര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇവര്‍ ഇത്തരത്തില്‍ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊഴിയൂര്‍ പൊലീസ് പറഞ്ഞു.

ഇന്‍സ്പെക്ടര്‍ അബ്ദുള്‍ കലാം ആസാദിന്റെ നേതൃത്വത്തില്‍ എഎസ്ഐമാരായ ജയലക്ഷ്മി, സാജന്‍, സിപിഒ അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.