25 വര്‍ഷമായി അരിക്കിലാടത്ത് ഭദ്രകാളി ക്ഷേത്രത്തില്‍ തിറകെട്ടിയാടുന്ന കലാകാരന് സ്‌നേഹാദരം; മുരളീധരന്‍ ചേമഞ്ചേരിയെ പട്ടുംവളയും നല്‍കി ആദരിച്ചു


കൊയിലാണ്ടി: ചേമഞ്ചേരി അരിക്കിലാടത്ത് ഭദ്രകാളി ക്ഷേത്ര മഹോല്‍സവത്തിന്റെ ഭാഗമായി തിറയാട്ട കലാകാരന്‍ മുരളീധരന്‍ ചേമഞ്ചേരിയെ പട്ടും വളയും നല്‍കി ആദരിച്ചു. ക്ഷേത്രം തന്ത്രി നെച്ചൂലി കണ്ടിലാടത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രം കാരണവര്‍ തിരുമംഗലത്ത് മാധവന്‍ നായരാണ് മുരളീധരന് പണിക്കര്‍ സ്ഥാനം നല്‍കി ആദരിച്ചത്.

കഴിഞ്ഞ 25 വര്‍ഷമായി അരിക്കിലാടത്ത് ക്ഷേത്രത്തില്‍ തീക്കുട്ടിച്ചാത്തന്‍ തെയ്യം, ഗുളികന്‍ വെളളാട്ടം എന്നീ കോലങ്ങള്‍ മുരളീധരനാണ് കെട്ടിയാടുന്നത്. താളവാദ്യങ്ങള്‍, സംഗീത ഉപകരണങ്ങള്‍, ക്ലാസിക്കല്‍ ഭജന്‍സ് എന്നിവയിലും മുരളീധരന്‍ ചേമഞ്ചേരി പ്രാവിണ്യം നേടിയിട്ടുണ്ട്. 17 ക്ഷേത്രങ്ങളില്‍ തെയ്യം കെട്ടിയാടാറുണ്ട്.

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, അരിക്കിലാടത്ത് ഗംഗാധരന്‍ നായര്‍, സുഭാഷ് നിലവിനാടത്ത്, ഗംഗാധരന്‍ ശ്രീപത്മം, റിനീഷ് കുന്നുമ്മല്‍, ഉദയേഷ് ചേമഞ്ചേരി, ഭാവേഷ് കുന്നുമ്മല്‍, പ്രഭാകരന്‍ കിഴക്കയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.