റവന്യൂ ജില്ലാ കലോത്സവത്തില്‍ ഇതുവരെ ലഭിച്ചത് 216 അപ്പീലുകള്‍; ഏറ്റവുമധികം അപ്പീലുകള്‍ ലഭിച്ചത് നൃത്ത ഇനങ്ങള്‍ക്ക്
പേരാമ്പ്ര: റവന്യൂ ജില്ലാ കലോത്സവത്തില്‍ സ്‌റ്റേജ്, സ്‌റ്റേജിതര ഇനങ്ങളിലായി 270 ഓളം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇതുവരെ ലഭിച്ചത് 216 അപ്പീലുകള്‍. നൃത്ത ഇനങ്ങള്‍ക്കാണ് ഏറ്റവുമധികം അപ്പീലുകള്‍ ലഭിച്ചിരിക്കുന്നത്.
ഇന്നലെ മിക്ക വേദികളിലും രാത്രി വൈകിയും പുലര്‍ച്ചെയും മത്സരങ്ങള്‍ തുടര്‍ന്നിരുന്നു. ഇതില്‍ പലതിലും അപ്പീല്‍ വരാന്‍ സാധ്യതയുണ്ടെന്നതിനാല്‍ തന്നെ എണ്ണം ഇനിയും കൂടിയേക്കും.
മേള അവസാനിക്കുന്ന മുറയ്ക്ക് അപ്പീലുകളില്‍ തീര്‍പ്പാക്കാന്‍ ഡി.ഡി.ഇയുടെ നേതൃത്വത്തില്‍ ഒരു അപ്പീല്‍ കമ്മിറ്റിക്ക് രൂപം നല്‍കും. കമ്മിറ്റി അപ്പീലില്‍ വാദം കേട്ടശേഷം തീരുമാനമെടുക്കുകയാണ് ചെയ്യുന്നത്. അപ്പീല്‍ തള്ളിയാല്‍ ആ തീരുമാനം അംഗീകരിക്കുകയോ അല്ലെങ്കില്‍ കോടതിയെ സമീപിക്കുകയോ ചെയ്യേണ്ടിവരും.
ഡിസംബര്‍ മൂന്നിനാണ് പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായുള്ള രചനാ മത്സരങ്ങള്‍ തുടങ്ങിയത്. അഞ്ച്, ആറ്, ഏഴ് തിയ്യതികളിലാണ് സ്്‌റ്റേജ് മത്സരങ്ങള്‍ നടന്നത്. അപ്പീലുകളുമായി മത്സരത്തിന് ഒട്ടേറെപ്പേര്‍ എത്തിയതും നൃത്ത മത്സരങ്ങളുടെ മേക്കപ്പ് തീര്‍ത്ത് കുട്ടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതുമെല്ലാം പല വേദികളിലും മത്സരം നീണ്ടുപോകുന്ന അവസ്ഥയുണ്ടാക്കിയിരുന്നു. അപ്പീലുകളില്‍ മത്സരത്തിനെത്തിയശേഷം ഒന്നാം സ്ഥാനം വാങ്ങി സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടുന്നവരുമുണ്ട്.