മാസം തോറും ഇനി റീചാര്‍ജ് ചെയ്യേണ്ട; സിം ആക്ടീവായി നിലനിര്‍ത്താൻ 20 രൂപ മതി


മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാർത്ത. ദീര്‍ഘകാലമായി ഉപയോഗിക്കാതിരിക്കുന്ന പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ വ്യക്തത വരുത്തി. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആയ 20 രൂപ നിലനിര്‍ത്തി സിം ഉപയോക്താക്കള്‍ക്ക് സിം സജീവമായി നിര്‍ത്താന്‍ സാധിക്കും.

നേരത്തേ സിം സജീവമായി നിലനിര്‍ത്തുന്നതിനായി ഒരു നിശ്ചിത തുകയ്ക്ക്(ഏകദേശം 199 രൂപ) ഉപയോക്താക്കള്‍ സിം റീച്ചാര്‍ജ് ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഈ നിയമം അത്തരത്തില്‍ തുടര്‍ച്ചയായി റീച്ചാര്‍ജ് ചെയ്യേണ്ടതിന്റെ ആവശ്യകതയില്ലെന്ന് വ്യക്തമാക്കുന്നതാണ്. സിം കാര്‍ഡ് 90 ദിവസത്തേക്ക് കോള്‍, മെസേജ്, ഡേറ്റ, മറ്റു ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നില്ലെങ്കില്‍ സിം പ്രവര്‍ത്തന രഹിതമാകും. എന്നാൽ നിങ്ങളുടെ അക്കൗണ്ടില്‍ 20 രൂപയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ 90 ദിവസത്തിന് ശേഷം ഈ 20 രൂപ അക്കൗണ്ടില്‍ നിന്ന് സ്വയമേവ കുറയ്ക്കുകയും സിം അടുത്ത 30 ദിവസത്തേക്ക് കൂടി പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും. ഫോണില്‍ 20 രൂപയുടെ ബാലന്‍സ് ഉള്ളിടത്തോളം കാലം ഇത് തുടര്‍ന്നുപോകും.

നിങ്ങളുടെ ബാലന്‍സ് 20ല്‍ കുറയുന്നതോടെ സിം സ്വാഭാവികമായി പ്രവര്‍ത്തനരഹിതമാകുകയും ചെയ്യും. അഥവാ പ്രവര്‍ത്തന രഹിതമാവുകയാണെങ്കില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ 20 രൂപ റീച്ചാര്‍ജ് ചെയ്തുകൊണ്ട് വീണ്ടും സിം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സാധിക്കും. ഔദ്യോഗിക ആവശ്യത്തിനും വ്യക്തിഗത ആവശ്യത്തിനും രണ്ടു മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ നിയന്ത്രണം വളരെയധികം പ്രയോജനം ചെയ്യും. ഇത് പ്രീപെയ്ഡ് കണക്ഷനുകള്‍ക്ക് മാത്രമാണ് ബാധകമാവുക.

Description: 20 rupees is enough to prevent the SIM from becoming inactive