ഈ വര്‍ഷം കൊയിലാണ്ടിയിലെ റെയില്‍വേ ട്രാക്കുകളില്‍ പൊലിഞ്ഞത് ഇരുപതോളം ജീവനുകള്‍; അടിപ്പാതകള്‍ വേണമെന്ന ആവശ്യം അവഗണനയില്‍ തന്നെ
കൊയിലാണ്ടി: ഈ വര്‍ഷം കൊയിലാണ്ടിയിലെ റെയില്‍വേ ട്രാക്കുകളില്‍ പൊലിഞ്ഞത് ഇരുപതോളം ജീവനുകള്‍. തിക്കോടി മുതല്‍ ചെങ്ങോട്ടുകാവുവരെയുള്ള 15 കിലോമീറ്റര്‍ പരിധിയിലാണ് ട്രെയിന്‍ തട്ടി ഇത്രയധികം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2022 ജനുവരി മുതല്‍ ഡിസംബര്‍ 24 വരെ കൊയിലാണ്ടി ഫയര്സ്റ്റേഷന് അറ്റന്‍ഡ് ചെയ്ത കേസുകളില്‍ നിന്നുള്ള കണക്കാണിത്. ആത്മഹത്യ ചെയ്ത കേസുകളും ഇതില്‍ ഉള്‍പ്പെടും.
റെയില്‍വേ സ്റ്റേഷന് റോഡിലെ കെ.കെ.സി സൈക്കിള്‍ ഷോപ്പിന്റെ ഉടമ കോതമംഗലം കുന്നത്ത് പറമ്പില്‍ ശിവാനന്ദന് ആണ് അവസാനമായി അപകടത്തിനിരയായത്. ഡിസംബര്‍ 24 രാവിലെയായിരുന്നു അപകടം.
വെസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തിയ തമിഴ്നാട് സ്വദേശി ഇളവഴുതി രാജ (50)യുടേതാണ് ഈ വര്‍ഷത്തെ ആദ്യത്തെ കേസ്. ജനുവരി രണ്ടിന് രാവിലെയാണ് ഇദ്ദേഹത്തെ ചെങ്ങോട്ടുകാവിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.
സ്കൂള്‍ കുട്ടികളും പ്രായമായവും ഉള്‍പ്പടെയുള്ള പൊതുജനങ്ങള്‍ അപകടകരമായ രീതിയില്‍ റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കാന്‍ നിര്‍ബന്ധിതരാവുന്ന അവസ്ഥയുണ്ട് കൊയിലാണ്ടിയിലെ പലയിടങ്ങളിലും. പന്തലായനിയിലും നന്തി ബസാറിലും അടിപ്പാത വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇന്നും നടപ്പായിട്ടില്ല.
പന്തലായനിയില്‍ ജൂലൈയില്‍ റെയില്‍വേ അപകടത്തില്‍ മരിച്ച യു.പി. സ്കൂള്‍ വിദ്യാര്‍ഥി നാട്ടുകാര്‍ക്ക് നൊമ്പരമായിരുന്നു. പന്തലായനിയില്‍ ഒരു റെയില്‍വേ അടിപ്പാത വേണമെന്ന ആവശ്യം അന്നും ശക്തമായി ഉയര്‍ന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല.