രാവിലെ മുതൽ ശ്രമിക്കുകയാണ്, മഴ മൂലം പലപ്പോഴായി തിരച്ചിൽ നിർത്തേണ്ടി വന്നു, ഇന്നത്തെ തിരച്ചിലും ഫലം കണ്ടില്ല: പതങ്കയത്ത് ഒഴുക്കിൽപ്പെട്ട പതിനേഴുകാരനെ ഇനിയും കണ്ടെത്താനായിട്ടില്ല
കോടഞ്ചേരി: കോടഞ്ചേരിയിലെ നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചിൽ താത്കാലികമായി നിർത്തിവെച്ചു. ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകൻ ഹുസ്നി മുബാറക് കഴിഞ്ഞ ദിവസമാണ് ഒഴുക്കിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയും പുഴയിൽ വെള്ളം കൂടിയതുമാണ് തിരച്ചിൽ നിർത്തിവെക്കാൻ കാരണം.
നാളെ രാവിലെ എട്ടുമണിയോടെ തിരച്ചിൽ തുടരുമെന്നും താമരശ്ശേരി തഹസിൽദാർ അറിയിച്ചു. പോലീസ്, ഫയർ ഫോഴ്സ്, എൻ.ഡി.ആർ.എഫ്, സ്കൂബ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ സ്ഥലത്തെത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ തിരച്ചിലിന് തടസമായി. കൂട്ടുകാർക്കൊപ്പം കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടം കാണാനെത്തിയ ഹുസ്നി ഇന്നലെയാണ് ഒഴുക്കിൽപ്പെട്ടത്.
പോലീസും ഫയർ ഫോഴ്സും, എൻ.ഡി. ആർ.എഫ് സന്നദ്ധ സംഘടനകളും സ്ഥലത്ത് ക്യാമ്പ് ചെയ്തെങ്കിലും ശക്തമായ മഴയും, മലവെള്ളപ്പാച്ചിലും തുടരുകയാണ്. നാളെ തിരച്ചിൽ ഇറങ്ങുന്ന സന്നദ്ധ സംഘടനകൾ അറിയിക്കണമെന്നും ഒറ്റയ്ക്ക് ആരും ഇറങ്ങരുത് എന്നും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു. ഇതുവരെ ആകെ 19 പേരാണ് ഇവിടെ ഒഴുക്കിൽപ്പെട്ടത്.
അതുപോലെതന്നെ പഞ്ചായത്തിലെ ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ, ഇരുതുള്ളി പുഴ എന്നീ പുഴകളിൽ കനത്ത മഴവെള്ളപ്പാച്ചിൽ ഉണ്ടാകാനിടയുള്ളതുകൊണ്ട് മൺസൂൺ ടൂറിസം നിരോധിച്ചതായും അറിയിച്ചു.