തെരുവുനായ ആക്രമണ ഭീതിയൊഴിയാതെ പെരുവട്ടൂര്‍, ഇതുവരെ കടിയേറ്റത് 16 പേര്‍ക്ക്, വളര്‍ത്തുമൃഗങ്ങളും ആക്രമണ ഭീതിയില്‍
കൊയിലാണ്ടി: പെരുവട്ടൂരില്‍ തെരുവുനായ ഭീതി ഒഴിയുന്നില്ല. ഇതുവരെ പ്രദേശത്ത് പതിനാറ് പേരാണ് നായയുടെ കടിയേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയത്. ഏറ്റവുമൊടുവിലായി വളര്‍ത്ത് പോത്ത് ചത്തത് നാട്ടുകാര്‍ക്കിടയിലെ ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്.
നഗരസഭയിലെ 18-ാം ഡിവിഷന്‍ അറുവയല്‍, പെരുവട്ടൂര്‍ ഭാഗങ്ങളിലാണ് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായകള്‍ ഏറെയുള്ളത്. സാധാരണ തെരുവ് നായകള്‍ കേന്ദ്രീകരിക്കുന്നത് മാലിന്യം നിക്ഷേപിക്കുന്നിടത്തും അറവ് ശാലകള്‍ക്ക് സമീപവുമാണ്. എന്നാല്‍ ഈ പ്രദേശത്ത് അതൊന്നും തന്നെയില്ല. ആളൊഴിഞ്ഞ പറമ്പുകളിലും കനാല്‍ ഭാഗത്തുമാണ് നായകള്‍ വിഹരിച്ചുകൊണ്ടിരിക്കുന്നത്. നായയുടെ അക്രമണം തുടര്‍ന്നതോടെ പ്രദേശവാസികള്‍ പുറത്തിറങ്ങുന്നത് വടിയും കമ്പുമായിട്ടാണ്.
സ്‌കൂളുകള്‍ മദ്രസ എന്നീ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ ഒറ്റയ്ക്ക് വിടാന്‍ രക്ഷിതാക്കള്‍ ഭയക്കുകയാണ്. വീട്ടിലെ വളര്‍ത്തു മൃഗങ്ങളും കന്നുകാലികളും നായകളുടെ ആക്രമണത്തിന് ഇരയാവുന്നുണ്ട്. ഇത് ഭയന്ന് വളര്‍ത്തുമൃഗങ്ങളെ പുറത്തേക്ക് വിടാന്‍ പലരും ഭയക്കുകയാണ്. കടിച്ച നായകള്‍ പേബാധിച്ചവയല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിശന്ന് ഭക്ഷണവും വെള്ളവും കിട്ടാതാവുമ്പോഴാണ് നായകള്‍ നാട്ടുകാരെ കടിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.
പെരുവട്ടൂരില്‍ തെരുവുനായകള്‍ വിലസുന്നു; രണ്ട് പേര്‍ക്ക് കടിയേറ്റു, പേടിയില്‍ പ്രദേശവാസികള്‍
നായകളെ വീട്ടുകാര്‍ ആട്ടിയോടിക്കുന്നതിനാല്‍ എവിടെനിന്നും ഭക്ഷണം കിട്ടാത്ത അവസ്ഥയാണ്. നഗരസഭ അലഞ്ഞ് തിരിയുന്ന നായകളെ പിടികൂടി എ.ബി.സി. സെന്ററില്‍ എത്തിച്ചാല്‍ പെറ്റുപെരുകുന്നത് തടയാന്‍ കഴിയുമെന്ന് റസിഡന്‍സ് പ്രവര്‍ത്തകര്‍ പറഞ്ഞു.
Summary: 16 people have been bitten so far in Peruvatur, pets are also in fear of being attacked by stray dogs.