കുന്ന്യോറമല മണ്ണിടിച്ചില്‍ ഭീഷണി; ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന 15 കുടുംബങ്ങളെ വാടക വീട്ടുകളിലേക്ക് മാറ്റി താമസിപ്പിക്കാന്‍ തീരുമാനം
കൊയിലാണ്ടി: കൊല്ലം കുന്ന്യോറ മലയില്‍ മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് ഗുരുദേവ കോളേജിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന 15 കുടുംബങ്ങളെ വാടക വീടുകള്‍ കണ്ടെത്തി മാറ്റി താമസിപ്പിക്കാന്‍ തീരുമാനം. ജില്ലാ കലക്ടറും ഷാഫി പറമ്പില്‍ എം.പിയും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.
കടുത്ത മണ്ണിടിച്ചില്‍ ഭീഷണിയില്ലാത്ത കുടുംബങ്ങളെ സ്വന്തം വീടുകളിലേക്ക് തന്നെ പറഞ്ഞയക്കും. മാറി താമസിക്കുവാനായി അനുയോജ്യമായ വാടക വീടുകള്‍ കണ്ടെത്താന്‍ കുടുംബങ്ങളോട് ആവശ്യപ്പെടും. വീടുകളുടെ വാടക സര്‍ക്കാര്‍ നല്‍കും. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കൊല്ലം ഗുരുദേവ കോളേജില്‍ അധ്യയനം മുടങ്ങുന്ന സാഹചര്യം പരിഗണിച്ച് കോളേജിലെ ക്യാമ്പ് അവസാനിപ്പിക്കും.
കുന്ന്യോറ മലയില്‍ അപകട ഭീഷണി നിലനില്‍ക്കുന്ന സ്ഥലം ദേശീയ പാതാധികൃതര്‍ സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ചര്‍ച്ചയില്‍ ജില്ലാ കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ പങ്കെടുത്തു.