15-ാം വാര്‍ഡ് പിടിച്ച് യുഡിഎഫ് ഭരണം നിലനിര്‍ത്തി;ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം ലീഗിന്, അണികള്‍ക്ക് വന്‍ ആവേശം


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ പുതിയ വൈസ് പ്രസിഡന്റായി ആദില നിബ്രാസിനെ നിര്‍ദ്ദേശിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പാര്‍ലമെന്ററി ബോര്‍ഡാണ് ഒന്നാം വാര്‍ഡ് മെമ്പര്‍ ആദില നിബ്രാസിന്റെ പേര് ഔദ്യോഗികമായി നിര്‍ദ്ദേശിച്ചത്.

ചെറുവണ്ണൂരില്‍ വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ്കമ്മിറ്റി സ്ഥാനങ്ങള്‍ എന്നിവ എല്‍ഡിഎഫ് ഇന്ന് രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പുതിയ വൈസ് പ്രസിഡന്റിന്റെ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് സെക്രട്ടറി രാമചന്ദ്രനു മുന്‍മ്പാകെ വൈസ് പ്രസിഡന്റായിരുന്ന വി.പി. പ്രവിതയും വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനായിരുന്ന പി.കെ. ബിജു, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി. മോനിഷ എന്നിവര്‍ രാജി സമര്‍പ്പിച്ചത്.

ഫെബ്രുവരി 28 ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ പി. മുംതാസ് വിജയിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് ഭരണം യുഡിഎഫിന് നിലനിര്‍ത്തിയതോടെ എല്‍ഡിഎഫിന്റെ അധികാരം നഷ്ടപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് രാജി.

യുഡിഎഫ് സ്ഥാനം പിടിച്ചെടുത്തതോടെ തന്നെ വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫില്‍ നിന്നും തിരിച്ച് പിടിക്കാനുള്ള നീക്കങ്ങള്‍ യുഡിഎഫില്‍ ശക്തമായിരുന്നു. സ്ഥാനം ഒഴിയാന്‍ വൈസ് പ്രസിഡന്റ് തയ്യാറായിട്ടില്ലെങ്കില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് എല്‍ഡിഎഫ് രാജി സമര്‍പ്പിച്ചത്.

2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റില്‍ വിജയിച്ച് പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയിരുന്ന എല്‍ഡിഎഫിന് ഇ.ടി. രാധയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിലൂടെയാണ് സ്ഥാനം നഷ്ടമായത്.