”എന്നെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നവരെപ്പോലെ എനിക്കും ഡോക്ടറാകണം”; അമീബിക് മസ്തിഷ്‌കജ്വരത്തെ അതിജീവിച്ച തിക്കോടി സ്വദേശി അഫ്‌നാന്‍


കോഴിക്കോട്: ‘അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് 22 ദിവസം ആശുപത്രിയില്‍, തിക്കോടി സ്വദേശി അഫ്‌നാന്‍ ജാസിമിനെ സംബന്ധിച്ച് ഇത് രണ്ടാം ജന്മം തന്നെയാണ്. രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ അഫ്‌നാന്റെ മനസില്‍ ഒരു സ്വപ്‌നമുണ്ട്, ‘ഇനി പഠനത്തില്‍ കുറേക്കൂടി ശ്രദ്ധിക്കണം, നല്ല മാര്‍ക്കുവാങ്ങണം, ഒരു ഡോക്ടറാകണം, എന്നെ ചികിത്സിച്ചപ്പോലെ എനിക്കും ചികിത്സിക്കണം, സൗജന്യമായി” അഫ്‌നാന്‍ പറയുന്നു.

‘ദൈവത്തിന് സ്തുതി, ചികിത്സിച്ച ഡോക്ടര്‍മാക്കും പരിചരിച്ച നഴ്‌സുമാര്‍ക്കും ഒരുപാട് നന്ദി..” ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നവരോട് അഫ്‌നാനും കുടുംബത്തിനും നന്ദി പറയാന്‍ വാക്കുകളില്ല. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ പീഡിയാട്രിക് തീവ്രപരിചരണ വിദഗ്ധരായ ഡോ.അബ്ദുള്‍ റൗഫ്, ഡോ.ഫെബ്‌ന റഹ്‌മാന്‍ എന്നിവരോട് പ്രത്യേകം നന്ദിയറിയിച്ചാണ് ആശുപത്രി വിട്ടത്. വിലമതിക്കാനാവാത്ത ജീവനൊപ്പം കൈനിറയെ സമ്മാനങ്ങളുമായി തന്നെ യാത്രയാക്കിയ ഡോക്ടര്‍മാരെ അവന് അത്രകണ്ട് ഇഷ്ടമായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുനടത്തിയ ഡോക്ടര്‍മാരുടെ സേവനമനസ്സ് കണ്ടറിഞ്ഞ് അഫ്‌നാന്‍ അതുവരെ മനസ്സില്‍ താലോലിച്ച നഴ്‌സാവുകയെന്ന മോഹവും മാറ്റിയെഴുതി.

എം.കെ. സിദ്ദീഖിന്റെ മുഖത്തും പുനര്‍ജന്മം കിട്ടിയ ആശ്വാസം. ഡോക്ടര്‍മാരുടെ നിതാന്ത ജാഗ്രതയും ഒപ്പം നാടിന്റെ ഒന്നടങ്കമുള്ള പ്രാര്‍ഥനയുമാണ് മകനും തങ്ങള്‍ക്കും പുനര്‍ജന്മം തന്നതെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.യുവില്‍ അഫ്‌നാന്‍ രോഗം മൂര്‍ച്ഛിച്ചു കിടക്കുമ്പോള്‍ അടുത്ത കട്ടിലിലുള്ള കുട്ടികള്‍ മരണത്തിന് കീഴ്‌പ്പെടുന്നതിന് സാക്ഷിയായിരുന്നു ഉമ്മ റെയ്ഹാനത്ത്. ഫറോക്ക് സ്വദേശിയായ കുട്ടി മരിച്ചപ്പോള്‍ ആധിയേറിയെങ്കിലും ഡോ. അബ്ദുല്‍ റഊഫ് കുടുംബത്തെ സമാധാനിപ്പിച്ചു.

സിദ്ദിഖിന്റെ അതിജാഗ്രതയാണ് അഫ്‌നാനെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിലും ജീവിതത്തിലേക്ക് വഴിനടത്തുന്നതിലും നിര്‍ണായകമായത്. മകന് പനി അനുഭവപ്പെട്ടപ്പോള്‍ സിദ്ദീഖ് ആദ്യം ഓര്‍ത്തത് കുറച്ചുദിവസം മുമ്പ് അവന്‍ കുളത്തില്‍ മുങ്ങിക്കുളിച്ചിരുന്നല്ലോയെന്നായിരുന്നു. തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ വന്ന വാര്‍ത്തകളായിരുന്നു ഈ ജാഗ്രതയിലേക്ക് അദ്ദേഹത്തെ നയിച്ചത്.

ജീവിതത്തില്‍ ആദ്യമായി കുട്ടിക്ക് അപസ്മാരം വന്നതോടെ ഭയമായി. വടകര പാര്‍കോ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാരോട് ഇക്കാര്യം സൂചിപ്പിച്ചു. വിദഗ്ധ ചികിത്സക്ക് കോഴിക്കോട്ടേക്ക് പോകാമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. രോഗം സ്ഥിരീകരിച്ചിട്ടും മകനോടും ഭാര്യയോടും രോഗത്തിന്റെ തീവ്രതയെക്കുറിച്ച് പറഞ്ഞില്ല. കുട്ടി അറിയാതിരിക്കാന്‍ ഡോക്ടര്‍മാരും പ്രത്യേകം ശ്രദ്ധിച്ചു. അവന് മൊബൈല്‍ ഫോണ്‍ കൊടുക്കുന്നത് ഡോക്ടര്‍ വിലക്കിയിരുന്നു.

പയ്യോളി ജി.വി.എച്ച്.എസ് 10ാം ക്ലാസ് വിദ്യാര്‍ഥിയായ അഫ്‌നാന്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് നീന്തല്‍ പഠിച്ചത്. പനി ബാധിക്കുന്നതിന് തൊട്ടുമുമ്പുവരെ കുളത്തില്‍ നീന്തിയിരുന്നു.