പതിനാലുകാരന്റെ അപകട മരണത്തിൽ വിറങ്ങലിച്ച് എളാട്ടേരി; അപകടം അച്ഛനും അനിയത്തിക്കുമൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ


കൊയിലാണ്ടി: അച്ഛനോടും അനിയത്തിയോടുമൊപ്പം ഏറെ സന്തോഷത്തോടെയാണ് ആൽവിൻ ക്ഷേത്രക്കുളത്തിലേക്കു പോയത്. ശബരിമലയ്ക്കു പോകാനായി മാലയിട്ടതിനെ തുടർന്നാണ് അച്ഛനും മക്കളും ക്ഷേത്ര കുളത്തിൽ കുളിക്കാൻ പോയത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ കാര്യങ്ങൾ മാറി മറിയുകയായിരുന്നു.

എളാട്ടേരി മീറങ്ങാട്ട് സുകേഷ് കുമാറിൻ്റെയും ജോഷിബയുടെയും മകൻ ആൽവിൻ കൃഷ്ണ (14) ആണ് മേലൂർ കൊണ്ടംവള്ളി ക്ഷേത്രകുളത്തിൽ മുങ്ങി മരിച്ചത്.

കുളിക്കുന്നതിനിടയിൽ കാൽ വഴുതി വീണതിനെ തുടർന്ന് മുങ്ങി പോയതാണെന്നാണ് പ്രാഥമിക നിഗമനം. അച്ഛൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല. തുടർന്ന് അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരും നാട്ടുകാരും ചേർന്നാണ് ആൽവിനെ പുറത്തെടുത്തത്. ഉടനെ തന്നെ ആൽവിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് ആൽവിൻ. ഒൻപതാം ക്ലാസ്സിൽ നിന്ന് പത്തിലേക്ക് വിജയിച്ച് അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. മരണം ഇനിയും ഉൾക്കൊള്ളാനാവാതെ തളർന്നുവീണ അച്ഛനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോഷിബയാണ് ആൽവിന്റെ അമ്മ. ലാവണ്യയാണ് സഹോദരി.

[bot1]