വയനാടിനെ നെഞ്ചോട് ചേർത്ത് ഡിവെെഎഫ്ഐ യൂത്ത് ബ്രിഗേഡ്; എട്ടാം ദിനത്തില്‍ പങ്കാളികളായി കൊയിലാണ്ടിയില്‍ നിന്നുള്ള സംഘം
കൊയിലാണ്ടി: വയനാട് ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് എട്ടാം ദിനം കഴിയുമ്പോഴും എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് താങ്ങും തണലുമായി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ചൂരല്‍മലയില്‍ സജീവമാണ്. പരാതികളോ പരിഭവങ്ങളോ ഇല്ലാതെ ചൂരല്‍മലയിലെ മനുഷ്യര്‍ക്കായി രാപകലില്ലാതെ ജോലി ചെയ്യുന്ന യൂത്ത് ബ്രിഗേഡിനൊപ്പം ഇന്നലെ കൊയിലാണ്ടിയില്‍ നിന്നുള്ള പതിമൂന്ന് പേര്‍ പങ്കാളികളായിരുന്നു.
ചൂരല്‍മലയില്‍ യൂത്ത് ബ്രിഗേഡ് നടത്തുന്ന രക്ഷാദൗത്യത്തില്‍ പങ്കാളികളാവാന്‍ താത്പര്യമുള്ളവര്‍ ഉടന്‍ തയ്യാറാവുക എന്ന ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ സന്ദേശത്തെ തുടര്‍ന്നാണ് കൊയിലാണ്ടിയില്‍ നിന്നും പതിമൂന്ന് പേരടങ്ങുന്ന സംഘം യാത്ര തിരിച്ചത്. സന്ദേശം ലഭിച്ച് അരമണിക്കൂറിനുള്ളിലാണ് 13 പേരും യാത്രയ്ക്കായി തയ്യാറായി വന്നത്.
ഉച്ചയോടെ സംഘം വയനാട്ടിലേക്ക് പോയി. 4മണി മുതല്‍ ഉരുള്‍പൊട്ടലില്‍ മരിച്ച മൃതദേഹങ്ങള്‍ മറവ് ചെയ്യാനുള്ള തിരക്കുകളിലായിരുന്നു. പാതിരാത്രിയോടെ തിരക്കുകളെല്ലാം കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ 13 പേരുടെയും കണ്ണ് നിറഞ്ഞിരുന്നു. എങ്കിലും ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്നവരുടെ സഹായത്തിനായി ഒരു ദിവസമെങ്കിലും ചൂരല്‍മലയില്‍ എത്താനായതിന്റെ സന്തോഷമുണ്ടായിരുന്നു.
ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയും യൂത്ത് ബ്രിഗേഡിന്റെ ജില്ലാ ചുമതലക്കാരില്‍ ഒരാളുമായ എന്‍.ബിജീഷിന്റെ നേതൃത്വത്തിലായയിരുന്നു സംഘം വയനാട്ടിലേക്ക് യാത്ര തിരിച്ചത്. ഫര്‍ഹാന്‍ ഫൈസല്‍, അഭിനവ്, സജി വെങ്ങളം, ശിവപ്രസാദ് തിരുവങ്ങൂര്‍, അര്‍ഷിദ് തിരുവങ്ങൂര്‍, സായന്ത് നടേരി, ഷാന്‍ കൊല്ലം, അഖില്‍ അൻവർ കാപ്പാട്, അനുനാഥ്, അശ്വിന്‍ കുറുവങ്ങാട്, അഭിജിത്ത് തുടങ്ങിയവരാണ് പോയത്. ഇവരില്‍ പലരും ജോലി ചെയ്യുന്നവരും വിദ്യാര്‍ത്ഥികളുമാണ്. രാവിലെ ശൂചികരണ പ്രവര്‍ത്തനങ്ങളിലും പങ്കാളികളായ ശേഷം ഇന്ന് വൈകുന്നേരത്തോടെയാണ് ഇവര്‍ കൊയിലാണ്ടിയില്‍ തിരിച്ചെത്തിയത്.