ചക്കിട്ടപ്പാറ കടുവ സഫാരി പാര്‍ക്കിനായി കണ്ടെത്തിയത് 125 ഹെക്ടര്‍ സ്ഥലം; ; ഡിപിആർ ആറുമാസത്തിനുള്ളിൽ


പേരാമ്പ്ര: ചക്കിട്ടപ്പാറയിലെ ബയോളജിക്കൽ പാർക്കിന് (കടുവ സഫാരിപാർക്ക്) വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ കൺസൽട്ടൻസിയായി. ഡൽഹിയിലെ ജെയിൻ ആൻഡ് അസോസിയേറ്റ്സിനാണ് ഇതിനുള്ള കരാർ ലഭിച്ചത്. 64 ലക്ഷം രൂപയ്ക്കാണ് ടെൻഡർ ഏറ്റെടുത്തത്. ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് പ്ലാന്റേഷൻ കോർപ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിന്റെ സ്ഥലത്താണ് പാർക്ക് തുടങ്ങാൻ ഉദ്ദേശിക്കുന്നത്. 125 ഹെക്ടറോളം സ്ഥലമാണ് ബയോളജിക്കൽ പാർക്കിന് വേണ്ടി കണ്ടെത്തിയത്.

ആറുമാസത്തിനുള്ളിൽ ഡി.പി.ആറും വിശദമായ മാനേജ്മെന്റ് പ്ലാനും തയ്യാറാക്കി സമർപ്പിക്കണം. ആനകളും മറ്റു വന്യജീവികളും പെരുവണ്ണാമൂഴി ഡാം റിസർവോയറിലേക്ക് വെള്ളംകുടിക്കാനായി പോകുന്ന രണ്ട് സഞ്ചാരപഥങ്ങൾ പ്രദേശത്ത് ഉണ്ടെന്നും കരട് മാസ്റ്റർപ്ലാനിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ഇത് തടസ്സപ്പെടുത്താതെവേണം പദ്ധതിനിർവഹണമെന്നും അല്ലാത്തപക്ഷം കക്കയം, മുതുകാട് , പയ്യാനിക്കോട്ട ഭാഗങ്ങളിൽ മനുഷ്യ, വന്യമൃഗ സംഘർഷം വർധിക്കാൻ കാരണമായേക്കുമെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും പരിഗണിച്ചാവും ഡി.പി.ആർ. തയ്യാറാക്കുക. മാനേജ്മെന്റ് പ്ലാൻ സമർപ്പിച്ചാൽ മാത്രമേ കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭ്യമാകൂ.

കഴിഞ്ഞവർഷം നവംബറിലാണ് മുതുകാട് കടുവ സഫാരി പാർക്ക് സ്ഥാപിക്കാൻ സർക്കാർ ഉത്തരവിറങ്ങിയത്. ജൂണിൽ പാർക്കിന്റെ അനുമതിക്കുള്ള സാങ്കേതിക കാര്യങ്ങൾ പരിഗണിച്ച് കോഴിക്കോട് ബയോളജിക്കൽ പാർക്ക് എന്ന് പുനർനാമകരണം ചെയ്തു. ദേശീയ വന്യജീവിബോർഡ്, ദേശീയ കടുവസംരക്ഷണ അതോറിറ്റി തുടങ്ങിയവയുടെ അനുമതിയും കേന്ദ്ര വനം- പരിസ്ഥിതി കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിൽനിന്ന് വനസംരക്ഷണനിയമപ്രകാരമുള്ള അനുമതിയും ലഭിക്കണം. ഇതിനെല്ലാം ഡി.പി.ആർ. തയ്യാറാക്കിയ ശേഷമേ അപേക്ഷ നൽകാനാകൂ. സുപ്രീംകോടതിയുടെ മാർച്ച് മാസത്തിലെ ഇടക്കാല ഉത്തരവിലെ നിർദേശം അനുസരിച്ചുള്ള കാര്യങ്ങളും സഫാരി പാർക്കിന്റെ അനുമതിക്കായി പൂർത്തീകരിക്കണം.

ടിക്കറ്റ് കൗണ്ടർ, പാർക്കിങ്, ഇൻഫർമേഷൻ സെന്റർ, ഓഫീസ് കെട്ടിടം, ജീവനക്കാർക്ക് താമസസൗകര്യം, ഇൻസ്‌പെക്ഷൻ ബംഗ്ലാവ്, വിനോദ പാർക്ക്, ലഘുഭക്ഷണശാല എന്നിവ പാർക്കിനോടനുബന്ധിച്ച് ഒരുക്കും. രണ്ടാമത്തെ സ്ഥലത്താണ് കടുവ സഫാരി പാർക്കിന് സ്ഥലമൊരുക്കുക. ആശുപത്രിയും അനുബന്ധസൗകര്യവും ഒപ്പമുണ്ടാകും. 50 ഹെക്ടർ സ്ഥലമാണ് നിർമാണ പ്രവൃത്തികൾക്ക് ആവശ്യമായി വരികയെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്.