കൊയിലാണ്ടിയിലുൾപ്പെടെ ദുരന്തം വിതച്ച് മഴ ശക്തം; ജില്ലയിൽ 12 വീടുകൾ ഭാ​ഗികമായി തകർന്നു


കോഴിക്കോട്: തോരാത്ത മഴയിൽ ജില്ലയിൽ ഒഴിയാതെ ദുരിതം. പന്ത്രണ്ടിലധികം വീടുകൾ ഭാഗികമായി തകർന്നു. കനത്ത മഴയെ തുടർന്ന് മരങ്ങൾ കടപുഴകി വീണ് കൊയിലാണ്ടി താലൂക്കിലും വ്യാപക നാശം റിപ്പോർട്ട ചെയ്തു.

കൊയിലാണ്ടി താലൂക്കിലെ കോട്ടൂർ വില്ലേജിൽ കുട്ടിക്കണ്ടി തങ്കമണിയുടെ വീട് തെങ്ങ് വീണ് ഭാഗികമായി തകർന്നു. തിരുവമ്പാടിയിൽ ശക്തമായ മഴയിൽ കുനിയൻ പറമ്പത്ത് ഇടത്തിൽ ഗോപിയുടെ വീട് തകർന്നു.

കരുവൻതിരുത്തി വില്ലേജിൽ ആമ്പിയൻസ് ഓഡിറ്റോറിയത്തിനടുത്ത് ബഡേരി മുഹമ്മദ്‌ ബഷീറിന്റെ വീടിനു മുകളിലേക്ക് തെങ്ങ് മുറിഞ്ഞു വീണാണ് ഭാഗികമായി കേടുപാട് സംഭവിച്ചത്. കുമാരനെല്ലൂർ വില്ലേജിലെ സരോജിനി ചൂരക്കട്ടിലിന്റെ വീടിനു മുകളിൽ തെങ്ങു വീണു. ആളപായമില്ല. മരം മുറിച്ചു മാറ്റി.

തിനൂർ വില്ലേജിലെ മുള്ളമ്പത്ത് പാറവട്ടം ചന്ദ്രന്റെ വീടിന് മുകളിലും തെങ്ങ് വീണാണ് നാശ നഷ്ടം സംഭവിച്ചത്. കാവിലുമ്പാറ വെട്ടിക്കുഴിയിൽ ജോസ്, ഞാറക്കാട്ടിൽ പുഷപരാജൻ എന്നിവരുടെ വീടിൻ മേലും മരം വീണ് വീടിന്റെ മുകൾ ഭാഗം നശിച്ചു.

കൂരാച്ചുണ്ട് വില്ലേജിലെ കുഴിപ്പള്ളി സുലോചനയുടെ വീടിനും മഴയിൽ ഭാഗിക തകരാർ സംഭവിച്ചിട്ടുണ്ട്. എരവട്ടൂർ കൊഴുക്കൽ വില്ലേജുകളിൽ വീടുകൾ ഭാഗികമായി തകർന്നു.

എരവട്ടൂർ വില്ലേജിലെ എടവരാട് തെയോത്ത് മീത്തൽ ദേവിയുടെ വീടിന് മുകളിൽ കവുങ്ങ് കടപുഴകി വീണും കൊഴുക്കല്ലൂർ വില്ലേജിലെ മലയിൽവളപ്പിൽ ജയചന്ദ്രന്റെ വീടിന് മുകളിൽ തെങ്ങ് വീണും ഭാഗികമായി തകർന്നു. കോടഞ്ചേരിയിലെ നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചിൽ താത്കാലികമായി നിർത്തിവെച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഇല്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

മൺസൂൺ പാത്തി കൂടുതൽ തെക്കോട്ട് നീങ്ങിയതും ജാർഖണ്ഡിനും പശ്ചിമ ബംഗാളിനും മുകളിലായുള്ള ന്യൂനമർദ്ദവുമാണ് ശക്തമായ മഴ തുടരാൻ കാരണം. അറബിക്കടലിൽ നിന്നുള്ള കാലവർഷ കാറ്റും ശക്തമാണ്. ശക്തമായ, ഉയർന്ന തിരമാലകൾക്ക് സാധ്യത ഉള്ളതിനാൽ തീർദേശവാസികൾ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മലയോര മേഖലകളിലും പ്രത്യേക ജാഗ്രത വേണം.

summary: 12 houses partially collapsed in Kozhikode due to heavy rain