നന്തിബസാര്‍: കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ നന്തിയില്‍ നിര്‍ത്താത്തതിന് പരിഹാരമകുന്നു. ഡിവൈ.എഫ്.ഐ നന്തിമേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി സി.ഐയ്ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിഹാരം.
കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ രാവിലെ 7.30നും 8.30നും ഇടയിലുള്ള സമയങ്ങളില്‍ നന്തിയില്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പാലത്തിനു നടുവില്‍ നിര്‍ത്തി ആളെയിറക്കി പോകുന്നത് പതിവായിരുന്നു. കഴിഞ്ഞ
വര്‍ഷവും ഇങ്ങനെ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പലതവണ ബസ്സ് തടയുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നെന്ന് ഡി.വൈ.എഫ്.ഐ നന്തി മേഖലാ കമ്മിറ്റി സെക്രട്ടറി വിപിന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഡി.വൈ.എഫ്.ഐയുടെ ഇടപെടലുണ്ടാകുമ്പോള്‍ കുറച്ചു കാലം കൃത്യമായി നിര്‍ത്തുന്ന ബസുകള്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ പോവുകയും യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ അടുത്തിടെയായി വീണ്ടും നിര്‍ത്താതെ പോവുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കൊയിലാണ്ടി സി.ഐ യ്ക്ക് പരാതി നല്‍കുകയായിരുന്നു.
ഇന്നലെയാണ് പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് ഇന്ന് നന്തിയില്‍ ഒരു പോലീസ് ഓഫീസര്‍ കൃത്യസമയം മുതല്‍ ഡ്യൂട്ടിയിലുണ്ട്. ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്ന ബസ്സുകളുടെ ഫോട്ടോ എടുക്കുകയും നടപടികള്‍ നടപടികള്‍ എടുത്തിട്ടുണ്ടെന്നും ഡി.വൈ.എഫ്.ഐ നന്തി മേഖലാ സെക്രട്ടറി വിപിന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.