ഇത് ഹൈസ്‌കൂളിനുവേണ്ടി ഒറ്റക്കെട്ടായി നിന്ന നാട്ടുകാരുടെ വിജയം!!; ഹൈസ്‌കൂള്‍ ആയതിന് ശേഷം എട്ടാം തവണയും നൂറ് മേനി വിളഞ്ഞ് വന്മുഖം ഗവ: ഹൈസ്‌കൂള്‍
മൂടാടി: എട്ടാം തവണയും നൂറുശതമാനം വിജയത്തിന്റെ തിളക്കവുമായി നന്തിയിലെ കടലൂര്‍ വന്മുഖം ഗവ: ഹൈസ്‌കൂള്‍. ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തിയശേഷം എല്ലാതവണയും നൂറുമേനി വിജയം തീര്‍ത്തുകൊണ്ടാണ് വന്മുഖം ഗവ:ഹൈസ്‌കൂള്‍ ശ്രദ്ധേ നേടിയത്.
മൂടാടി ഗ്രാമപഞ്ചായത്തിലെ ഏക ഗവണ്‍മെന്റ് ഹൈസ്‌കൂളാണ് കടലൂര്‍ വന്മുഖം ഗവ: ഹൈസ്‌കൂള്‍. ഹൈസ്‌കൂള്‍ പദവി ലഭിക്കുന്നതിന് എതിരായി പ്രദേശത്തെ മാനേജ്‌മെന്റ് സ്‌കൂള്‍ കേസ് കൊടുത്തപ്പോള്‍ പ്രദേശത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി പണം സ്വരൂപിച്ച് കേസ് നടത്തിയാണ് ഹൈസ്‌കൂള്‍ നേടിയെടുത്തത്.
പാഠ്യപാഠ്യേതര രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്ന ഈ സ്‌കൂളില്‍ ഓരോ വര്‍ഷവും വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുകയാണ്. സ്‌കൂളിന് പ്രൈമറി വിഭാഗത്തില്‍ ഈ അധ്യയന വര്‍ഷം 6 അധിക ഡിവിഷനുകള്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ വര്‍ധിച്ചത് അക്കാദമിക് നിലവാരം ഉയര്‍ന്നതിന്റെ തെളിവാണ്. മുന്‍ എം.എല്‍.എ കെ.ദാസന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ലഭിച്ച ബസ്സ് നല്ല രീതിയില്‍ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയോട് കൂടിയാണ് പ്രവര്‍ത്തിക്കുന്നത്.
സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ്, ജെ.ആര്‍.സി തുടങ്ങിയ ക്ലബ്ബുകള്‍ക്ക് പുറമെ എസ്.പി.സി യൂണിറ്റും, പന്തലായനി ബ്ലോക്കിന് കീഴിലെ ഹൈടെക്ക് ഐ.ഇ.ഡി ക്ലാസ് മുറിയും ഈ സ്‌കൂളിന്റെ മറ്റ് സവിശേഷതകളാണ്. നഴ്‌സറി ക്ലാസ് റൂമുകള്‍ ഹൈട്ടെക്കാക്കി ഉയര്‍ത്താനും നഴ്‌സറി കുട്ടികള്‍ക്കായുള്ള പുന്തോട്ടം ഒരുക്കാനുമായി ഫണ്ട് ലഭിച്ച മുറക്ക് പ്രവൃത്തി തുടങ്ങാനിരിക്കുകയാണ്. സ്‌പോര്‍ട് കൗണ്‍സിലിന്റെ അംഗീകാരത്തോടെ ഫുട്‌ബോള്‍ ഗ്രൗണ്ട് തുടങ്ങാനിരിക്കുന്നതോടുകൂടി ഈ ഗവ: ഹൈസ്‌കൂള്‍ അന്താരഷ്ട്ര നിലവാരത്തിലേക്ക് ഉയരും.