സുരക്ഷാ മുന്‍കരുതല്‍ പാലിക്കാതെ ഓണ്‍ലൈന്‍ പടക്ക വില്‍പ്പന; കോഴിക്കോട് കടയുടമക്കെതിരെ പോലീസ് കേസെടുത്തു


കോഴിക്കോട്: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഓണ്‍ലൈന്‍ പടക്ക വ്യാപാരം തകൃതി. കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച വന്‍ പടക്ക ശേഖരം പിടികൂടി. പുതിയപാലത്തെ ഒരു ഗോഡൗണില്‍ നിന്നാണ് പോലീസ് പടക്കം പിടിച്ചെടുത്തിരിക്കുന്നത്. കോയമ്പത്തൂര്‍ സ്വദേശിയായ ഒരാള്‍ നോവ ഏജന്‍സി എന്ന പേരില്‍ നടത്തുന്ന പാര്‍സല്‍ ഓഫീസില്‍ നിന്നാണ് പടക്കം ലഭിച്ചത്.

കോഴിക്കോട് കസബ സ്റ്റേഷനില്‍ ലൈസന്‍സ് ഉള്ള പടക്ക വില്‍പനക്കാരുടെ അസോസിയേഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പരിശോധനയില്‍ 69 കടലാസ്സ് പെട്ടികളിലായി 1500 കിലോഗ്രാം വിവിധ തരത്തിലുള്ള പടക്കങ്ങള്‍ കണ്ടെത്തി.

വലിയ അളവില്‍ ഉള്ള പടക്ക ശേഖരം ആയതിനാല്‍ പരിശോധന വളരെ നേരം നീണ്ടുനിന്നു. നിരവധി ആളുകളുടെ പേരില്‍ ശിവകാശിയില്‍ നിന്ന് വാങ്ങിയ പടക്കങ്ങള്‍ ആണ് ഇവയെന്നാണ് പൊലീസ് പറയുന്നത്. ലൈസന്‍സ് ഇല്ലാതെ വലിയ അളവില്‍ പടക്കം കൈവശം വെച്ചതിന് കടയുടമക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.