സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
കോഴിക്കോട്: കിഴക്കൻകാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.മഴയ്‌ക്കൊപ്പം ഇടി മിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം. വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എർണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 16-10-2023ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വരുന്ന 5 ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്. പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം
2023 ഒക്ടോബര്‍ 12 മുതല്‍ 16 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും. അതിനാല്‍ പൊതുജനങ്ങള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.