വെടിക്കെട്ടിനിടെ അമിട്ടുപൊട്ടി ഇരുകാലുകളും തകര്‍ന്നു; അയനിക്കാട് സ്വദേശി ദുരിതത്തില്‍, ചികിത്സാച്ചെലവെങ്കിലും ക്ഷേത്ര കമ്മിറ്റി ഏറ്റെടുക്കണമെന്ന് കുടുംബം


തിക്കോടി: കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി അനുമതിയില്ലാതെ നടത്തിയ വെടിക്കെട്ടിനിടെ ഗുരുതരമായി പരിക്കേറ്റ അയനിക്കാട് സ്വദേശി സന്തോഷിനെ ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണം. ഡിസംബര്‍ 24ന് നടന്ന വെടിക്കെട്ടിനിടെ ഒരു അമിട്ട് ജനക്കൂട്ടത്തിലേക്ക് തെറിച്ചുവീഴുകയും സന്തോഷിന്റെ കാലിനിടയില്‍ വെച്ച് പൊട്ടുകയുമായിരുന്നു.

അപകടം നടന്ന് മൂന്നാഴ്ചയായിട്ടും ഇതുവരെ ക്ഷേത്രകമ്മിറ്റി ഭാരവാഹികളോ ബന്ധപ്പെട്ടവരോ തന്നെ വന്നു കാണുകപോലും ചെയ്തിട്ടില്ലെന്നാണ് സന്തോഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. അപകടത്തെ തുടര്‍ന്നുണ്ടായ ഭാരിച്ച ചികിത്സാച്ചെലവ് സന്തോഷിനെയും കുടുംബത്തെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ ചികിത്സയുടെ ചെലവ് വഹിക്കണമെന്നാണ് സന്തോഷ് ആവശ്യപ്പെടുന്നത്.

അപകടം നടന്നയുടനെ സന്തോഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് അവിടെ നിന്ന് നിര്‍ദേശിച്ച പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് നടത്തിയ ചികിത്സയ്ക്കുശേഷം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ തന്നെ അഡ്മിറ്റ് ആവാന്‍ ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം തിരിച്ചുവന്നു. എന്നാല്‍ രണ്ടുമൂന്ന് ദിവസത്തിനകം കാലില്‍ പഴുപ്പ് വന്ന് വേദന കൂടിയതോടെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

ഇതിനിടെ രണ്ട് ഓപ്പറേഷനുകളാണ് കാലില്‍ നടത്തിയത്. രണ്ട് ലക്ഷത്തോളം രൂപ ഇതിനായി ചെലവായി. രണ്ട് ഓപ്പറേഷനുകള്‍ കൂടി ബാക്കിയുണ്ട്. ഇതിന് അഞ്ചുലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് സന്തോഷ് പറയുന്നത്. ഇത് ചെയ്യുന്നതിനായി കാലിലെ നീര് പോയി കാല് ഡ്രൈ ആവേണ്ടതുണ്ട്. ഇതിനായി ഒരു യന്ത്രം കാലില്‍ ഘടിപ്പിച്ചിട്ടുണ്ട്. രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ് ഇതിന്റെ ഒരു ദിവസത്തെ വാടക. ഇതുവരെയുള്ള ചികിത്സയ്ക്കുള്ള ചെലവ് നടത്താന്‍ തന്നെ ഏറെ കഷ്ടപ്പെട്ടു. ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറയുന്നു.

ബഹ്‌റൈനില്‍ ഡ്രൈവറായിരുന്നു സന്തോഷ്. ഡിസംബര്‍ 28ന് തിരിച്ച് പോകേണ്ടതായിരുന്നു. ഇതിനായെടുത്ത ടിക്കറ്റും നഷ്ടമായി. ജനുവരി 26നുള്ളില്‍ തിരിച്ചുപോയില്ലെങ്കില്‍ ജോലി നഷ്ടമാകുമെന്ന സ്ഥിതിയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ അതിനുള്ളില്‍ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കാന്‍ പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നാണ് സന്തോഷ് പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തി അപകടമുണ്ടാക്കിയതിന് ഉത്സവ ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. ആദ്യം കേസെടുക്കാതിരുന്ന പൊലീസ് റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടിക്രമങ്ങളിലേക്ക് കടന്നത്. തുടര്‍ന്ന് മിംസ് ആശുപത്രിയിലെത്തി സന്തോഷിന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.