വീട് മുതൽ നാട് വരെ ശുചിത്വം; കൊയിലാണ്ടി നഗരസഭയുടെ സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നാളെ


കൊയിലാണ്ടി: സമ്പൂർണ്ണ ശുചിത്വ നാടാവാൻ ഒരുങ്ങി കൊയിലാണ്ടി നഗരസഭ. ശുചിത്വ ഭവനം, ശുചിത്വ തെരുവ്, ജലാശയ ശുചീകരണത്തിന് തെളിനീർ, കടലോര മേഖലാ ശുചീകരണത്തിന് ശുചിത്വ തീരം തുടങ്ങി വമ്പൻ ശുചിത്വ പദ്ധതികളാണ് വിഭാവന ചെയ്തിരിക്കുന്നത്.

കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാളെ വൈകുന്നേരം 3 മണിക്ക് നടക്കുന്ന ചടങ്ങ് കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ നഗരസഭ ചെയർ പേഴ്സൺ അധ്യക്ഷത വഹിക്കും.

വാർഡ്തലം മുതൽ വിവിധ മേഖലകളായി തരം തിരിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.
നഗരസഭ ആരോഗ്യവിഭാഗം, കുടുംബശ്രീ, ഹരിത കർമ്മസേന, റസിഡന്റ്സ് അസോസിയേഷൻ, വ്യാപരി സംഘടനകൾ, വിവിധ ക്ലബ്ബുകൾ, എൻ എസ് എസ് വളണ്ടിയർമാരുടെ സേവനം തുടങ്ങി മുഴുവൻ മേഖലകളിലെയും പങ്കാളിത്തം ഉണ്ടാവും.

ശുചിത്വ മിഷൻ, കുടുംബശ്രീ, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നഗരസഭ കൗൺസിൽ ഹാളിലാണ് ചടങ്ങ് നടക്കുന്നത്. പൊതു ജനങ്ങൾക്ക് നവമാധ്യമങ്ങളിലൂടെ പങ്കെടുക്കാൻ കഴിയും.