വീട്ടമ്മമാർക്കായി രചനാ മത്സരങ്ങൾ നാളെ, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (07/03/2023)


കോഴിക്കോട്: ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

പാരാമെഡിക്കൽ സ്റ്റാഫ് താൽക്കാലിക നിയമനം

കടൽ സുരക്ഷയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ മറൈൻ ആംബുലൻസ് സജ്ജമാക്കുന്നതിന്റെ ഭാഗമായി രണ്ട് പാരാമെഡിക്കൽ സ്റ്റാഫുകളെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 17ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ജനറൽ നഴ്സിംഗ് കോഴ്സ് പാസായ ആൺകുട്ടികൾക്കും രണ്ടു വർഷത്തെ കാഷ്വാലിറ്റി പ്രവർത്തന പരിചയമുള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. ഓഖി ദുരന്തബാധിത കുടുംബങ്ങളിൽപ്പെട്ടവർക്കും, മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ടവർക്കും മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് : 0495 2383780

ഇ.ഇ.പി പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കാം

മത്സര പരീക്ഷാ പരിശീലനത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം അനുവദിയ്ക്കുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം (ഇ.ഇ.പി) – പദ്ധതിയുടെ മെഡിക്കൽ/എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ 2022-23 വർഷത്തെ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക www.bcdd.kerala.gov.in എന്ന വെബ്സൈറ്റിലും, ഇ-ഗ്രാന്റ്സ് 3.0 പോർട്ടലിലും ലഭ്യമാണ്. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ അപേക്ഷകളിലെ ന്യൂനതകൾ പരിഹരിച്ച് മാർച്ച് 10 നകം തിരികെ സമർപ്പിക്കണമെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കരട് ഗുണഭോക്തൃ പട്ടികയിന്മേലുള്ള ആക്ഷേപങ്ങൾ/പരാതികൾ മാർച്ച് 14 നകം പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ [email protected] എന്ന ഇ-മെയിൽ വഴി അയക്കണം.

അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന സ്വയംതൊഴിൽ വായ്പ പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിനായി കോഴിക്കോട് ജില്ലയിൽ നിന്നുള്ള പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട തൊഴിൽ രഹിതരായ യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 60,000 രൂപ മുതൽ 3,00,000 രൂപ വരെയാണ് വായ്പാ തുക. അപേക്ഷകർ 18 നും 55 നും മധ്യേ പ്രായമുള്ളവർ ആയിരിക്കണം. 3 വർഷം മുതൽ 5 വർഷം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകള്‍ക്ക് നാല് ശതമാനം മുതൽ ഏഴ് ശതമാനം വരെയാണ് പലിശനിരക്ക്. തിരഞ്ഞെടുക്കപ്പെടുന്നവർ കോർപ്പറേഷന്റെ നിബന്ധനകൾക്ക് അനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനുമായി എരഞ്ഞിപ്പാലത്ത് (ജില്ലാ സഹകരണ ആശുപത്രി സമീപം) പ്രവർത്തിക്കുന്ന കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ഡിസ്ട്രിക്ട് മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04952767606, 9400068511

നടപടികൾ റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക് ) V NCA- SC ( കാറ്റഗറി നമ്പർ. 466/2022) തസ്തികയ്ക്ക് 15.11.2022ലെ ഗസറ്റ് വിജ്ഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ഒന്നും തന്നെ ലഭിക്കാത്തതിനാൽ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ ഓഫീസർ അറിയിച്ചു.

റേഷൻ കടയിൽ സ്ഥിരം ലൈസൻസി നിയമനം

കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 16 ലെ വൈദ്യരങ്ങാടി- പുല്ലംകുന്ന് സ്ഥലത്ത് പുതുതായി അനുവദിച്ച റേഷൻ കടയിൽ സ്ഥിരം ലൈസൻസിയെ നിയമിക്കുന്നതിന് ഭിന്നശേഷി സംവരണ വിഭാഗത്തിലെ യോഗ്യരായ അപേക്ഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 11ന് വൈകുന്നേരം 3 മണിക്ക് മുൻപേ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: O495- 2370655( ജില്ലാ സപ്ലൈ ഓഫീസ്), 0495- 2374885( കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ്).

ക്വട്ടഷൻ ക്ഷണിച്ചു

തലശ്ശേരി ഗവൺമെൻറ് കോളേജ് ചൊക്ലിയിൽ 2022 -23 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ട് ക്വാളിറ്റി എൻഹാൻസ്മെൻറ് ആന്റ് അപ്ഗ്രഡേഷൻ പ്രോഗ്രാം ശീർഷകത്തിൽ കൊമേഴ്സ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികളുടെ പഠനാവശ്യത്തിനായി ഒരു സോഫ്റ്റ്‌വെയർ ( Tally Prime Gold 2.1 version) വാങ്ങിക്കുന്നതിനായി മുദ്ര വെച്ച ക്വട്ടഷനുകൾ ക്ഷണിച്ചു. ക്വട്ടഷൻ കവറിനു പുറത്ത് കോമേഴ്സ് ഡിപ്പാർട്ട്മെന്റിലേക്ക് ടാലി സോഫ്റ്റ്‌വെയർ വിതരണം നടത്തുന്നതിനുള്ള ക്വട്ടഷൻ നമ്പർ -05 / 2022- 23 എന്നെഴുതി പ്രിൻസിപ്പൽ ഗവൺമെൻറ് കോളേജ് തലശ്ശേരി ചൊക്ലി എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. കൊട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 13.

താത്കാലിക നിയമനം

കോഴിക്കോട് ഗവ.ഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ എ.സി ചില്ലർ പ്ലാന്റ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: എസ്.എസ്.എൽ.സി, മെക്കാനിക് റഫ്രിജക്റ്റേഷൻ റെഫ്രിജിറ്റേഷൻ ആൻഡ് എയർകണ്ടീഷനിങ് സർട്ടിഫിക്കറ്റ് കൂടാതെ എയർകണ്ടീഷനിങ് ചില്ലർ പ്ലാന്റ് ഓപ്പറേഷൻ കോഴ്സിൽ 3 വർഷത്തെ പ്രവർത്തി പരിചയം. ഉദ്യോഗാർത്ഥികൾ മാർച്ച് 10ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരേണ്ടതാണെന്ന് സെക്രട്ടറി സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04952355900

ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലയിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ പ്രതിമാസ വാടകയടിസ്ഥാനത്തിൽ ജി.പി.എസ്. സംവിധാനം ഏർപ്പെടുത്തുന്നതിനും അതോടൊപ്പം കുടിവെളള വിതരണം മോണിറ്റർ നടത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന ഓഫീസുകളിലും കോഴിക്കോട് എൽ എസ് ജി ഡി ജോയിന്‍റ് ഡയറക്ടറുടെ ഓഫീസിലും ജില്ലാ കലക്ടറേറ്റിലും സംവിധാനം ഒരുക്കുന്നതിനും തയ്യാറുള്ളതും സർക്കാർ അംഗീകാരവും പരിചയവുമുളളവരുമായ സ്ഥാപനങ്ങളിൽ നിന്നും, വ്യക്തികളിൽ നിന്നും സീൽ ചെയ്ത കവറുകളിൽ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 17 ന് ഉച്ചയ്ക്ക് 3 മണിക്കു മുൻപ് കോഴിക്കോട് സിവിൽ സ്റ്റേഷനിലുളള എൽ എസ് ജി ഡി ജോയിന്‍റ് ഡയറക്ടറുടെ ഓഫീസിൽ ലഭിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് 3 മണിക്ക് ക്വട്ടേഷൻ തുറന്ന് പരിശോധിക്കും. ക്വട്ടേഷനുകൾ ഇ-മെയിൽ വഴിയും സ്വീകരിക്കും E-mall [email protected]. കൂടുതൽ വിവരങ്ങൾക്ക് :04952371916

റോഡ്‌ ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 11ൽ നിർമിച്ച ഇളപ്ലശേരി ശാസ്ത്താംകുന്നേൽ ഗ്രാമീണ റോഡ്‌ നാടിന് സമർപ്പിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് റോഡ്‌ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വാർഡ് മെമ്പറും പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോസ് തോമസ് മാവറ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, പ്രദേശവാസികൾ ആയ ജോയി അറക്കൽ, സിബി അറക്കൽ, ലൂസി തുടങ്ങിയവർ സംസാരിച്ചു.

നാദാപുരത്ത് പ്രീമാരിറ്റൽ കൗൺസിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും തൂണേരി ഐ സി ഡി എസ് ന്റെയും നേതൃത്വത്തിൽ പ്രീമാരിറ്റൽ കൗൺസിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. നാദാപുരം, വളയം ഗ്രാമപഞ്ചായത്തിലെ കല്യാണം കഴിക്കാൻ പോകുന്നവർക്കും ഈയടുത്ത് കല്യാണം കഴിച്ചവർക്കും വേണ്ടി നടത്തിയ ക്യാമ്പ് നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

വിവാഹ മേഖലയിൽ ന്യൂജൻ പ്രശ്നങ്ങൾ ഉടലെടുക്കുകയും ക്രമാതീതമായി വിവാഹ മോചന കേസുകൾ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. യുവജനങ്ങൾക്കിടയിൽ വിവാഹത്തെക്കുറിച്ചുള്ള മിഥ്യാധാരണകളെ ഇല്ലാതാക്കുന്നതിന് ബോധവൽക്കരണ ക്ലാസും നടത്തി. ക്യാമ്പിൽ 65 ഓളം പേർ പങ്കെടുത്തു.

നാദാപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പിൽ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് അധ്യക്ഷത വഹിച്ചു. ഫാമിലി കൗൺസിൽമാരായ സി വി അനിൽകുമാർ, ടി കെ റീന എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ സി.കെ നാസർ, എം.സി സുബൈർ, ജനിത ഫിർദോസ് എന്നിവർ സംസാരിച്ചു. നാദാപുരം ഐസിഡിഎസ് സൂപ്പർവൈസർ വി ശാലിനി സ്വാഗതവും ഐസിഡി സൂപ്പർവൈസർ വളയം പി ബിന്ദു നന്ദി പറഞ്ഞു.

വീട്ടമ്മമാർക്കായി രചനാ മത്സരങ്ങൾ നാളെ

അന്താരാഷ്ട്ര വനിതാ ദിനത്തിനോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ്, വനിതാശിശു വികസന വകുപ്പ്, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വീട്ടമ്മമാർക്കായി രചനാ മത്സരങ്ങൾ നടത്തുന്നു.

കഥ, കവിത വിഭാഗങ്ങളിലായി നാളെ (മാർച്ച് 8) രാവിലെ 10 മണിക്ക് ജൻഡർ പാർക്കിൽ മത്സരങ്ങൾ നടത്തും. പങ്കെടുക്കുവാൻ താല്പര്യമുള്ള വീട്ടമ്മമാർ അന്നേദിവസം രാവിലെ 9.30 ന് ജൻഡർ പാർക്കിൽ എത്തിച്ചേരണം. തിരിച്ചറിയൽ രേഖയും പകർപ്പും ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2370225

സർട്ടിഫിക്കറ്റ് വിതരണം നടത്തി

ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ ആഭിമുഖ്യത്തിൽ എസ് സി, എസ് ടി വിദ്യാർത്ഥികൾക്കായി കെൽട്രോൺ മുഖേന നടത്തിയ കോഴ്സുകൾക്കുളള സർട്ടിഫിക്കറ്റ് വിതരണം നടത്തി. ജില്ലാ പട്ടികജാതി വികസന ഓഫീസർ ഷാജി കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

കെൽട്രോൺ നോളജ് സെന്ററിൽ നടന്ന പരിപാടിയിൽ കെൽട്രോൺ എ എസ് ഒ എഞ്ചിനീയർ ശ്രീജ, എസ് സി ഡി ഒ -ആർ എ ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

കാലിക്കറ്റ് സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാർഡൻ പ്രദര്‍ശനം മാർച്ച് ഒന്‍പത് മുതൽ

കാലിക്കറ്റ് സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രദർശനം മാര്‍ച്ച് 9 മുതല്‍ 11 വരെ സംഘടിപ്പിക്കുന്നു. പ്രദര്‍ശനം ഒന്‍പതിന് രാവിലെ പത്ത് മണിക്ക് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പ്രദര്‍ശന സമയം. വിദ്യാര്‍ത്ഥികള്‍ക്ക് 10 രൂപയും പൊതുജനങ്ങള്‍ക്ക് 20 രൂപയുമാണ് പ്രവേശനഫീസ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം കരുതണം. പ്രദര്‍ശനത്തോടനുബന്ധിച്ച് അലങ്കാരച്ചെടികളുടെ വില്‍പനയുണ്ടായിരിക്കും.

വൈവിധ്യം കൊണ്ടും വിസ്തൃതി കൊണ്ടും വംശനാശം നേരിടുന്ന സസ്യങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാണ് സസ്യോദ്യാനം. വൃക്ഷോദ്യാനമുള്‍പ്പെടെ 33 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനെ കേന്ദ്ര ജൈവ വൈവിധ്യ അഥോറിറ്റി ദേശീയ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി അംഗീകരിച്ചിട്ടുണ്ട്. ഔഷധസസ്യങ്ങള്‍, പന്നല്‍ച്ചെടികള്‍, ഇഞ്ചിവര്‍ഗങ്ങള്‍, ജലസസ്യങ്ങള്‍, കള്ളിച്ചെടികള്‍, ഓര്‍ക്കിഡുകള്‍, സ്വദേശിയും വിദേശിയുമായ അപൂര്‍വയിനം വൃക്ഷങ്ങള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

കാഴ്ച പരിമിതിയുള്ളവര്‍ക്കു വേണ്ടിയുള്ള ടച്ച് ആന്‍ഡ് ഫീല്‍ ഗാര്‍ഡന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ പ്രത്യേകതയാണ്. ഈ വിഭാഗത്തില്‍ അറുപതിലേറെ ഇനങ്ങളിലുള്ള സസ്യങ്ങളെ അവയുടെ ഗന്ധത്തിലൂടെ തിരിച്ചറിയാന്‍ കഴിയും. ആനത്താമര മുതല്‍ ഇരപിടിയന്‍ ചെടികള്‍ വരെയുള്ള സസ്യവൈവിധ്യം ഇവിടെയുണ്ട്. സന്ദർശകർക്ക് കാനനപാതയിലൂടെ നടന്നാസ്വദിക്കാം. പ്രദര്‍ശനം മാർച്ച് 11 ന് സമാപിക്കും.

വനിതാ ദിനത്തിൽ ടൂറിസം കേന്ദ്രങ്ങളിൽ സൗജന്യ പ്രവേശനം

സംസ്ഥാന സർക്കാരിന്റെ സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാളെ (മാർച്ച് 8 ) അന്താരാഷ്ട്ര വനിതാ ദിനത്തിൽ ടൂറിസം കേന്ദ്രങ്ങളിൽ വനിതകൾക്ക് സൗജന്യ പ്രവേശനം നൽകുമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു.

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള സരോവരം ബയോ പാർക്ക്‌, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാൻ ബാങ്ക്സ് ബീച്ച്, അരിപ്പാറ ടെസ്റ്റിനേഷൻ എന്നിവിടങ്ങളിലാണ് സൗജന്യ പ്രവേശനം നൽകുക.