‘ വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങളെല്ലാം എത്രമാത്രം സ്ത്രീവിരുദ്ധമാണ് എന്ന് അറിയാവുന്നതുകൊണ്ടാണ് ഈ തീരുമാനം’ ; ആചാരരഹിത വിവാഹത്തെക്കുറിച്ച് കൂരാച്ചുണ്ട് സ്വദേശി ബിനില്‍


” ഞങ്ങളുടെ മകള്‍ ആതിരയും അവളുടെ സുഹൃത്ത് ബിനിലും 10.02.2022 ന് കൂരാച്ചുണ്ട് രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് വിവാഹിതരാവുകയാണ്… അവരുടെ താല്‍പര്യപ്രകാരം യാതൊരു മതാചാര ചടങ്ങുകളോ ഇല്ലാതെയാണ് വിവാഹം.’ കാരപ്പറമ്പ് സ്വദേശി ആതിരയുടെ വിവാഹക്ഷണക്കത്ത് തുടങ്ങുന്നതിങ്ങനെയാണ്. വരന്‍ ബിനില്‍ കൂരാച്ചുണ്ട് സ്വദേശിയാണ്.

മീഞ്ചന്ത ആര്‍ട്‌സ് കോളേജില്‍ ഒരുമിച്ച് പഠിക്കുന്നകാലം തൊട്ടേ സുഹൃത്തുക്കളാണ് ആതിരയും ബിനിലും. പിന്നീട് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചപ്പോള്‍ തങ്ങളുടെ വിവാഹത്തിന് സാമ്പ്രദായിക രീതിയിലുള്ള ചടങ്ങുകളോ ആചാരങ്ങളോ വേണ്ടയെന്നത് ഇരുവരുടെയും തീരുമാനമായിരുന്നു.

‘വിവാഹവുമായി ബന്ധപ്പെട്ട് നിലവിലുള്ള ആചാരങ്ങളെല്ലാം എത്രമാത്രം സ്ത്രീവിരുദ്ധമാണ് എന്ന് അറിയുന്നതുകൊണ്ടുതന്നെ അത്തരത്തിലുള്ള ആചാരങ്ങളൊന്നുമില്ലാതെ, ഭരണഘടനാനുസൃതമായി നിയമപരമായി രജിസ്റ്റര്‍ ചെയ്യുകയെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.’ എന്നാണ് ഇതിനെക്കുറിച്ച് ബിനില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

ഇടതുപക്ഷ ആഭിമുഖ്യമുള്ള കുടുംബമാണ് ബിനിലിന്റെയും ആതിരയുടെയും. തങ്ങള്‍ ഇത്തരമൊരു തീരുമാനം പറഞ്ഞപ്പോള്‍ അവര്‍ പരിപൂര്‍ണ പിന്തുണ നല്‍കി കൂടെ നില്‍ക്കുകയും ചെയ്‌തെന്ന് ബിനില്‍ പറഞ്ഞു.

കുരാച്ചുണ്ട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് രജിസ്‌ട്രേഷന്‍ നടക്കുക. ശേഷം കൂരാച്ചുണ്ടിലെ ബിനിലിന്റെ വീട്ടില്‍ റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്.

കൂരാച്ചുണ്ട് പതിയില്‍ എരഞ്ഞോല രാമചന്ദ്രന്‍-മിനി ദമ്പതികളുടെ മകനായ ബിനില്‍ സി.ഐ.എസ്.എഫിലാണ്. കാരപ്പറമ്പ് കരിവിശേരി താഴത്തുകുളങ്ങര പ്രകാശന്‍-ലത ദമ്പതികളുടെ മകളായ ആതിര ജേണലിസത്തില്‍ പി.ജി പൂര്‍ത്തിയാക്കിയതാണ്.