വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍, ഉദ്യോഗസ്ഥരുടെ സഹായത്തോടെ പലപ്പോഴായി കടത്തിയത് 80 കിലോ സ്വര്‍ണം


തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍. രണ്ടു ദിവസം മുമ്പ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നാലു കിലോ സ്വര്‍ണം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെ ഉദ്യോഗസ്ഥന്‍മാരായ അനീഷ് മുഹമ്മദ്, നിതിന്‍ എന്നിവരെ ഡി.ആര്‍.ഐ കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യാനായി കൊച്ചിയിലെ ഓഫീസിലേക്ക് വിളിപ്പിച്ച ഇരുവരെയും ഡി.ആര്‍.ഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരുടെയും സഹായത്തോടെ പലപ്പോഴായി 80കിലോ സ്വര്‍ണം വിമാനത്താവളം കടത്തിയെന്നാണ് അന്വേക്ഷണ റിപ്പോര്‍ട്ട്.

ഈ മാസം നാലാം തീയതിയായിരുന്നു അബുദാബിയില്‍ നിന്നും 4.8കിലോ സ്വര്‍ണം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ സ്വര്‍ണക്കടത്തുകാരെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. പിന്നാലെ ഡി.ആര്‍.ഐ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്ത് പിറ്റേ ദിവസം തന്നെ സ്വര്‍ണ കടത്തു സംഘത്തിലെ ആളുകള്‍ അബുദാബിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചതിച്ചെന്നു പറഞ്ഞ് കസ്റ്റംസ് ഓഫീസിന് മുമ്പില്‍ ബഹളം വെക്കുകയായിരുന്നു.

ഇവരെ ചോദ്യം ചെയ്തതോടെയാണ് സ്വര്‍ണകടത്തില്‍ ഉദ്യോഗസ്ഥര്‍മാരുടെ പങ്ക് മനസിലായത്. രണ്ട് ഉദ്യോഗസ്ഥര്‍മാരും തങ്ങളെ മുന്‍പും സ്വര്‍ണം കടത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.