വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; ഫെബ്രുവരി 21 മുതൽ സ്കൂളുകളിൽ രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസ്; വിശദംശങ്ങളറിയാം
കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടച്ചതിനു ശേഷം ആദ്യമായി പൂർണ്ണ സമയം സ്കൂളുകളിൽ പോകാനൊരുങ്ങി വിദ്യാർത്ഥികൾ. ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾക്കാണ് തിങ്കളാഴ്ച മുതല്‍ വൈകീട്ട് വരെ പൂര്‍ണ്ണതോതില്‍ അധ്യയനം ഉണ്ടായിരിക്കുക. ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ പാഠഭാഗങ്ങള്‍ മാര്‍ച്ചില്‍ തന്നെ തീർക്കുവാനും വാര്‍ഷിക പരീക്ഷ ഏപ്രിലില്‍ ആദ്യത്തെ പത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ നടത്താനാണ് തീരുമാനം. യൂണിഫോമില്‍ കടുംപിടുത്തമില്ല. ഹാജറും നിര്‍ബന്ധമാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന്
വിദ്യാഭാസ മന്ത്രി അറിയിച്ചു.
ക്ലാസുകള്‍ പൂര്‍ണതോതിലേക്ക് മാറുന്ന സാഹചര്യത്തിൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ബന്ധമായി തുടരില്ല. പക്ഷെ ആവശ്യമുള്ള കുട്ടികള്‍ക്ക് പിന്തുണ നല്‍കണം. ഭിന്നശേഷിക്കാരടക്കം സ്കൂളിലെത്താന്‍ കഴിയാത്തവര്‍ക്കായി ഡിജിറ്റല്‍ – ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. വിക്ടേഴ്സ് വഴി ക്ലാസുകളുണ്ടാകും. അതേസമയം ഫോക്കസ് ഏരിയയില്‍ പുറകോട്ട് പോകാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെടുത്തിരിക്കുന്നത്.
പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങള്‍ തീര്‍ക്കല്‍, പത്ത്, പ്ലസ് ടു ക്ലാസുകള്‍ക്ക് പൊതുപരീക്ഷയ്ക്ക് മുന്‍പായുള്ള റിവിഷന്‍, മോഡല്‍ പരീക്ഷകള്‍, വാര്‍ഷിക പരീക്ഷകള്‍ എന്നിവ നടത്തുന്നതിനാണ് നിലവിലെ ഊന്നല്‍. പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഈ മാസം 28 ന് മുന്‍പായി പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് കര്‍ശന നിര്‍ദേശം. പത്ത്, പ്ലസ് ടു അധ്യാപകര്‍ പാഠഭാഗങ്ങള്‍ തീര്‍ത്തതിന്റെ റിപ്പോര്‍ട്ട് എല്ലാ ശനിയാഴ്ച്ചയും നല്‍കണം.
എതിര്‍ത്ത അധ്യാപക സംഘടനകളെ അനുനയിപ്പിച്ചാണ്, സ്കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കലുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. എന്നാല്‍ വിമര്‍ശനങ്ങളോട് പ്രതികാര നടപടിയുണ്ടാവില്ല.
പൂർണ്ണ സമയം സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി ഇന്ന് സംസ്ഥാനമൊട്ടാകെ ശുചികരണം നടത്തി. പിടിഎയുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും പങ്കാളിത്തതോടെയാണ് ശുചീകരണം നടക്കുന്നത്. 47 ലക്ഷം വിദ്യാര്‍ത്ഥികളും ഒരു ലക്ഷത്തില്‍ പരം അധ്യാപകരുമാണ് മറ്റന്നാള്‍ മുതല്‍ സ്‌കൂളുകളില്‍ എത്തുന്നത്.